LiveTV

Live

Kerala

ചട്ടപ്രകാരമല്ല; ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിന് ‘റെഡ് കാര്‍ഡ്’

ഗവര്‍ണറെ വിമര്‍ശിക്കാന്‍ സര്‍ക്കാരിന് ധൈര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ചട്ടപ്രകാരമല്ല; ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിന് ‘റെഡ് കാര്‍ഡ്’

ഗവര്‍ണറെ തിരിച്ചുവിളിക്കണെമെന്ന പ്രതിപക്ഷനേതാവിന്‍റെ പ്രമേയത്തിന് അനുമതിയില്ല. സര്‍ക്കാര്‍ എതിര്‍പ്പ് പരിഗണിച്ചാണ് നിയമസഭാ കാര്യോപദേശക സമിതിയുടെ തീരുമാനം. ഇല്ലാത്ത കീഴ് വഴക്കം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നിയമന്ത്രി എ.കെ ബാലന്‍റെ പ്രതികരണം. ഗവര്‍ണറെ വിമര്‍ശിക്കാന്‍ സര്‍ക്കാരിന് ധൈര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ചട്ടം 130 പ്രകാരം പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ ചേര്‍ന്ന നിയമസഭായുടെ കാര്യോപദേശക സമിതി യോഗം നോട്ടീസ് പരിഗണനക്കെടുത്തു. പ്രമേയത്തിന്‍റെ ഉള്ളടക്കം ചട്ടപ്രകാരമില്ലെന്നും പ്രമേയം അനുവദിക്കാനാവില്ലെന്നുമുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.

നോട്ടീസ് സ്പീക്കര്‍ അംഗീകരിച്ചതും സമാനമായ പ്രമേയം മറ്റു നിയമസഭകള്‍ പാസാക്കിയതും ഉന്നയിച്ച പ്രതിപക്ഷം പ്രമേയം അനുവദിക്കണമെന്ന് ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിലപാടു പരിഗണിച്ച സ്പീക്കര്‍ പ്രമേയം അനുവദിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഗവര്‍ണറുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് വിമര്‍ശിച്ച പ്രതിക്ഷനേതവ് നോട്ടീസുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചു. കാര്യോപദേശക സമിതി റിപ്പോര‍്ട്ട് തിങ്കളാഴ്ച നിയമസഭ പരിഗണിക്കും.