LiveTV

Live

Kerala

ഗവര്‍ണറുടെ വിയോജിപ്പ് സഭാരേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍

‘നയപ്രഖ്യാപനത്തിലുള്ളത് മാത്രം രേഖയില്‍ ഉള്‍പ്പെടുത്തും’

ഗവര്‍ണറുടെ വിയോജിപ്പ് സഭാരേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍

നയപ്രഖ്യാപന പ്രസംഗത്തിലെ ഗവര്‍ണറുടെ വിയോജിപ്പ് സഭാരേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍. നയപ്രഖ്യാപനത്തിലുള്ളത് മാത്രം രേഖയില്‍ ഉള്‍പ്പെടുത്തും. സഭയില്‍ പ്രതിപക്ഷം ഗവര്‍ണറണറെ തടഞ്ഞത് ദൌര്‍ഭാഗ്യകരമാണ്. ഗവര്‍ണര്‍ക്കെതിരായ പ്രമേയം കാര്യോപദേശക സമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്. വ്യക്തിപരമായി വിയോജിപ്പുണ്ട്. സി.എ.എ സംസ്ഥാനത്തിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നും എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗവര്‍ണര്‍ ഇന്നലെ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചത്.

രാവിലെ 8.50 ഓടെ സഭയിലെത്തിയ ഗവർണറെ സ്പീക്കറും മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി എ.കെ ബാലനും ചേർന്ന് സ്വീകരിച്ചു. സഭാഹാളിലേക്ക് പ്രവേശിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പ്രതിഷേധത്തിനിടെ വാച്ച് ആന്‍റ് വാർഡ് ഒരുക്കിയ സംരക്ഷണ വലയിൽ ഗവർണർ ഡയസിലെത്തി നയപ്രഖ്യാപനം ആരംഭിച്ചു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഭാഗം ഗവര്‍ണര്‍ വായിക്കുമോ എന്ന പിരിമുറുക്കം ഭരണബഞ്ചിൽ ഉണ്ടായിരുന്നു. ഒടുവിൽ പൗരത്വ നിയമത്തിനെതിരായ കാര്യങ്ങൾ പരാമര്‍ശിക്കുന്ന 18ആം പാരഗ്രാഫിൽ എത്തി. സര്‍ക്കാരിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്ന് ആ ഭാഗം വായിക്കേണ്ടി വന്നതിന്‍റെ നീരസം ഗവര്‍ണര്‍ മറച്ചുവെച്ചില്ല.

ഈ സഭ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.