LiveTV

Live

Kerala

കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു

പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ അടിയന്തര യോഗം വിളിച്ചു

കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു

കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന നാലുപേരില്‍ ഒരാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നത്തി തൃശൂരില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ സാമ്പിളാണ് പോസിറ്റീവായത്. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിളിന്റെ പ്രാഥമിക ഫലമെത്തിയതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ‌കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിയുമായും ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിവരം കൈമാറി. തുടര്‍ന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊറോണ സ്ഥിരീകരിച്ച് വാര്‍ത്ത പുറത്തുവിട്ടു. ഇതിന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ ശൈലജ മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി തന്നെ വാര്‍ത്ത സ്ഥിരീകരിച്ചു.

നിലവില്‍ ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 20 സാമ്പിളുകളാണ് കേരളത്തില്‍ നിന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള മറ്റൊരു പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്ത്യയില്‍ ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്.

ചൈനയില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും ബന്ധപ്പെട്ടവര്‍ക്ക് മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ക്ക് മരണസാധ്യത കുറവാണ്. ആളുകളെ ഭയപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രോഗിയുമായി ഇടപഴകിയ ആളുകളും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് മൊത്തം 806 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.