LiveTV

Live

Kerala

ഫ്ലെക്സ് ബോര്‍ഡ്: രാഷ്ട്രീയ പാർട്ടികളാണ് നിയമ ലംഘനങ്ങൾ അധികവും നടത്തുന്നതെന്ന് ഹൈക്കോടതി

ലോകത്ത് ഒരിടത്തും ഫ്ലെക്സ് റോഡിന്റെ മീഡിയനിൽ വയ്ക്കില്ല. റോഡിന്റെ നടുക്ക് ഫ്ലെക്സ് വയ്ക്കുന്നവർ അതുമൂലം ഉള്ള അപകടം എന്തുകൊണ്ട് മനസിലാക്കുന്നില്ലെന്നും കോടതി ചോദിച്ചു

ഫ്ലെക്സ് ബോര്‍ഡ്: രാഷ്ട്രീയ പാർട്ടികളാണ് നിയമ ലംഘനങ്ങൾ അധികവും നടത്തുന്നതെന്ന് ഹൈക്കോടതി

അനധികൃത ഫ്ലെക്സ് ബോർഡുകൾ രണ്ടാഴ്ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നീക്കം ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് അധികാരമുണ്ടന്നും കോടതി വ്യക്തമാക്കി. ബോർഡുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് നാല് ദിവസത്തിനുള്ളിൽ ഡി.ജി.പി സർക്കുലർ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഫ്ലെക്സ് ബോര്‍ഡുകൾ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനമാണുണ്ടായത്. സർക്കാരിന് നടപ്പാക്കാൻ കഴിയില്ലെങ്കിൽ ഉത്തരവുകൾ പിൻവലിക്കാൻ തയാറാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലോകത്ത് ഒരിടത്തും ഫ്ലെക്സ് റോഡിന്റെ മീഡിയനിൽ വയ്ക്കില്ല. റോഡിന്റെ നടുക്ക് ഫ്ലെക്സ് വയ്ക്കുന്നവർ അതുമൂലം ഉള്ള അപകടം എന്തുകൊണ്ട് മനസിലാക്കുന്നില്ലെന്നും കോടതി ചോദിച്ചു. എന്നാൽ ഉത്തരവുകൾ നടപ്പാക്കേണ്ടത് റോഡ് സുരക്ഷ കമ്മീഷണർ ആണെന്ന് സ്റ്റേറ്റ് അറ്റോണി കോടതിയെ അറിയിച്ചു. ഇതോടെ ഇത്രകാലമായി റോഡ് സേഫ്റ്റി കമ്മീഷണർ എവിടെ ആയിരുന്നുവെന്നായി കോടതി. കോടതിയുടെ മുൻപിൽ നിൽക്കുമ്പോൾ സർക്കാരിന് ആത്മാർത്ഥത വേണം എന്ന് കോടതി പറഞ്ഞു.

കോടതിയുടെ വിലപ്പെട്ട സമയമാണിങ്ങനെ കളയുന്നതെന്നും പറഞ്ഞ കോടതി ഈ കേസ് ഇന്ന് തന്നെ തീർപ്പാക്കണമെന്നും നിർദേശിച്ച് ഉച്ചയ്ക്ക് വീണ്ടും പരിഗണിച്ചു. തുടർന്നാണ് വിവിധ നിയമ പ്രകാരം കേസെടുക്കാൻ പൊലീസിനധികാരമുണ്ടെന്ന് കോടതി നിർദേശിച്ചത്. രാഷ്ട്രീയ പാർട്ടികളാണ് ഇത്തരം നിയമ ലംഘനങ്ങൾ അധികവും നടത്തുന്നത്. അതിനാലാണ് ഉത്തരവുകൾ നടപ്പാക്കാൻ മടിക്കുന്നത്. പിഴ ചുമത്താൻ കഴിയുമോയെന്ന് സർക്കാർ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. അനധികൃതമായി സ്ഥാപിച്ച എല്ലാ ബോർഡുകളും രണ്ടാഴ്ചക്കുള്ളിൽ നീക്കം ചെയ്യണം. റോഡ് സേഫ്റ്റി കമ്മീഷണറും ഡി.ജി.പിയും പുതിയ സർക്കുലർ ഇറക്കി കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.