LiveTV

Live

Kerala

പൗരത്വ നിയമത്തിനെതിരെ കേരളത്തിലെ 12 ജില്ലുകളില്‍ മനുഷ്യ ഭൂപടം തീര്‍ത്ത് യു.ഡി.എഫ്

വൈകുന്നേരം നാല് മണിയോട് കൂടിത്തന്നെ 12 ജില്ലകളിലും തിരഞ്ഞെടുത്ത മൈതാനങ്ങളിലും ഭൂപടം തീര്‍ക്കാന്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു.

പൗരത്വ നിയമത്തിനെതിരെ കേരളത്തിലെ 12 ജില്ലുകളില്‍ മനുഷ്യ ഭൂപടം തീര്‍ത്ത് യു.ഡി.എഫ്

ദേശീയ പൗരത്വ നിയമ ദേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കേരളത്തിലെ 12 ജില്ലകളിലും മനുഷ്യ ഭൂപടം തീർത്ത് യു.ഡി.എഫ്. വയനാടും കോഴിക്കോടും ഒഴികെയുള്ള ജില്ലകളില്‍ ഒരുക്കിയ മനുഷ്യ ഭൂപടത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. കേരളത്തിലെ മതേതര മനസിന്റെ താക്കീതാണ് മനുഷ്യ ഭൂപടമെന്ന് നേതാക്കള്‍ പറഞ്ഞു.

വൈകുന്നേരം നാല് മണിയോട് കൂടിത്തന്നെ 12 ജില്ലകളിലും തിരഞ്ഞെടുത്ത മൈതാനങ്ങളിലും ഭൂപടം തീര്‍ക്കാന്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. മഹാത്മാ ഗാന്ധി വെടിയേറ്റ് വീണ സമയമായ വൈകുന്നേരം 5.17 നാണ് കേരളത്തില്‍ പ്രവര്‍ത്തകര്‍ മനുഷ്യ ഭൂപടം തീർത്തത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന പരിപാടി മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ഉദ്ഘാടനം ചെയ്തു.കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിപാടിയില്‍ പങ്കെടുത്തു.

കൊച്ചിയിലെ പൊതുസമ്മേളനത്തില്‍ മുതിർന്ന നേതാവ് പി.പി തങ്കച്ചനും തൃശ്ശൂരില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും പങ്കെടുത്തു. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടന്ന മനുഷ്യ ഭൂപടം ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബീച്ചില്‍ ഒരുക്കിയ ഭൂപടത്തില്‍ എം.എം ഹസ്സന്‍ പങ്കെടുത്തു. മറ്റ് ജില്ലകളില്‍ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കളാണ് പങ്കെടുത്തത്. മുന്‍മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന എം. കമലത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് വടകരയില്‍ നടത്താനിരുന്ന മനുഷ്യ ഭൂപടം പരിപാടി മാറ്റി വെച്ചത്.