LiveTV

Live

Kerala

ഗോകുലം എഫ്.സി.യുടെ സെലക്ഷനെന്ന് വ്യാജ പ്രചരണം; സെലക്ഷനെത്തിയത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍

500 അധികം കുട്ടികളാണ് കേരളത്തിന്‍റെ വിവിധ ജില്ലകളിൽ നിന്ന് ഫുട്ബോൾ പ്രതീക്ഷകളുമായി എത്തിയത്

ഗോകുലം എഫ്.സി.യുടെ സെലക്ഷനെന്ന് വ്യാജ പ്രചരണം; സെലക്ഷനെത്തിയത് നൂറുകണക്കിന് വിദ്യാര്‍ഥികള്‍

ഗോകുലം എഫ്.സി.യുടെ ഫുട്ബോല്‍ സെലക്ഷന്‍ ഉണ്ടെന്ന വ്യാജ സന്ദേശത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ വഞ്ചിതരായി. നൂറു കണക്കിന് വിദ്യാര്‍ഥികളാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിത്തില്‍ എത്തിയത്. വ്യാജ സന്ദേശം പ്രചരിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗോകുലം എഫ്.സി അധികൃതർ അറിയിച്ചു. ഗോകുലം കേരള എഫ്.സി സെലക്ഷൻ ട്രയൽ 2020 എന്ന പേരിലായിരുന്നു സന്ദേശം പ്രചരിച്ചിരുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ രാവിലെ എട്ടു മുതൽ സെലക്ഷൻ ആരംഭിക്കുമെന്നും, ആവശ്യമായ രേഖകളുമായി എത്തണം എന്നായിരുന്നു സന്ദേശം.

ഇതു വിശ്വസിച്ച് പുലർച്ചെ മുതൽ കുട്ടികൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തി തുടങ്ങി. 500 അധികം കുട്ടികളാണ് കേരളത്തിന്‍റെ വിവിധ ജില്ലകളിൽ നിന്ന് ഫുട്ബോൾ പ്രതീക്ഷകളുമായി എത്തിയത്. സ്റ്റേഡിയത്തിൽ എത്തിയ ശേഷമാണ് കബിളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. കഴിഞ്ഞ വർഷം ഫുട്ബോൾ സെലക്ഷൻ ട്രയൽ നടത്തിയിരുന്നു.

അതിനായി നൽകിയ മെസേജ് ആയാണ് തീയതി മാറ്റി വ്യാജമായി പ്രചരിപ്പിച്ചതെന്ന് ഗോകുലം എഫ്.സി അറിയിച്ചു. സന്ദേശത്തോടൊപ്പമുള്ള നമ്പർ ഗോകുലം എഫ്.സി അധികൃതരുടെ നമ്പരായിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസിൽ കുട്ടികളും രക്ഷാകർത്താക്കളും പരാതി നൽകി. വ്യാജപ്രചാരണങ്ങൾക്കെതിരെ കേസ് രജിസ്ട്രർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.