LiveTV

Live

Kerala

വലയിൽ കുടുങ്ങിയത് വമ്പൻ; കടലിലേക്ക് തിരിച്ചുവിട്ട് കോഴിക്കോട്ടെ മത്സ്യബന്ധന തൊഴിലാളികൾ

പുള്ളി ഇടുമ്പ് മത്സ്യത്തെ കടലിലേക്ക് തിരികെ അയച്ച കോഴിക്കോട്ടെ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു.

വലയിൽ കുടുങ്ങിയത് വമ്പൻ; കടലിലേക്ക് തിരിച്ചുവിട്ട് കോഴിക്കോട്ടെ മത്സ്യബന്ധന തൊഴിലാളികൾ

മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ ഭീമൻ തിമിംഗല സ്രാവിനെ കടലിലേക്കുതന്നെ തിരിച്ചുവിട്ട് കോഴിക്കോട്ടെ മത്സ്യബന്ധന തൊഴിലാളികൾ. കഷ്ടപ്പെട്ട് ബോട്ടിലെത്തിച്ചത് വംശനാശഭീഷണി നേരിടുന്ന പുള്ളി ഇടുമ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികൾ മാതൃകാപരമായ കൃത്യം നിർവഹിച്ചത്.

വലയിൽ കുടുങ്ങി, ജവന്മരണ പരാക്രമം കാണിച്ച ഭീമനെ കടലിൽ തിരിച്ചെത്തിക്കാനും ഇവർക്ക് അത്യധ്വാനം ചെയ്യേണ്ടിവന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

കറുത്ത ശരീരത്തിൽ വെള്ളപ്പുള്ളികളുള്ള പുള്ളി ഇടുമ്പ് കടലിലെ വലിയ മത്സ്യങ്ങളുടെ ഗണത്തിൽപ്പെടുന്നതാണ്. പതുക്കെ സഞ്ചരിക്കുന്ന ഇവ ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്. 70 മുതൽ 130 വയസ്സുവരെ ആയുർദൈർഘ്യമുള്ള ഇവ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗമാണെന്ന് വിദഗ്ധർ പറയുന്നു. ചെറുമത്സ്യങ്ങളെ ഭക്ഷിക്കുന്ന ഇവ മറ്റുതരം സ്രാവുകളെപ്പോലെ മനുഷ്യന് ഉപദ്രവകാരിയല്ല.

മത്സ്യബന്ധനം കാരണം പുള്ളി ഇടുമ്പുകൾ വംശനാശ ഭീഷണിയിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2016-ലെ കണക്കുകൾ പ്രകാരം ലോകമെങ്ങുമുള്ള സമുദ്രങ്ങളിലായി ഈ ജീവിവർഗത്തിന്റെ എണ്ണം 7,100-ഓളം മാത്രമാണ്. 2018-ൽ താനൂർ ഒസ്സാൻ കടപ്പുറത്തിനു സമീപം ഒരു ഭീമൻ പുള്ളി ഇടുമ്പ് മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുടുങ്ങിയിരുന്നു.

പുള്ളി ഇടുമ്പ് മത്സ്യത്തെ കടലിലേക്ക് തിരികെ അയച്ച കോഴിക്കോട്ടെ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു.