LiveTV

Live

Kerala

മുന്‍ മന്ത്രി എം.കമലം അന്തരിച്ചു

96 വയസായിരുന്നു

 മുന്‍ മന്ത്രി എം.കമലം അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന എം.കമലം അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട് നടക്കാവിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ആറിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വനിത കരുത്തിന്‍റെ പ്രതീകമായിരുന്നു കമലം.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചരിത്ര സംഭവങ്ങള്‍ക്കൊപ്പം നടന്ന ജീവിതമാണ് എം കമലത്തിന്‍റെത്. സ്വാതന്ത്ര്യസമരങ്ങളിലെ പങ്കാളി. 1946ല്‍ 19ാം വയസ്സില്‍ കോഴിക്കോട് നഗരസഭയിലെ കൌണ്‍സിലറായി തുടങ്ങിയ രാഷ്ട്രീയ ജീവിതം. 1960 മുതല്‍ എ.ഐ.സി.സി അംഗം .സംഘാടനമികവ് കൊണ്ട് ഇന്ദിരാ ഗാന്ധിയുടെ അടുത്ത ചങ്ങാതിയായി മാറി. ഇന്ദിരാ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയപ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വിയോജിപ്പിനെ തുടര്‍ന്ന് 1969ലെ പാര്‍ട്ടി പിളര്‍പ്പ് കാ ലത്ത് സംഘടന കോണ്‍ഗ്രസിനൊപ്പം നിന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ സമരം നടത്തി അറസ്റ്റിലായി മൂന്ന് മാസം ജയിലില്‍ കിടന്നതും രാഷ്ട്രീയ ചരിത്രം.

പിന്നീട് സോഷ്യലിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് സംഘടന കോണ്‍ഗ്രസ് ജനതാപാര്‍ട്ടിയായി മാറി. ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ജനത ഗോപാലന്‍ വിഭാഗത്തില്‍ . ഈ പാര്‍ട്ടി പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്. 1980ല്‍ കല്‍പറ്റയില്‍ നിന്ന് വിജയിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള ആദ്യ വനിത മന്ത്രിയായി. 1982ല്‍ കല്പറ്റയില്‍ നിന്നും മത്സരിച്ച് വിജയിച്ച് കരുണാകരന്‍ മന്ത്രി സഭയില്‍ സഹകരണ മന്ത്രിയായി. വനിതാ കമ്മിഷൻ ചെയർപേഴ്സൺ, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി,എ.ഐ.സി.സി. അംഗം തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള നേതാക്കൾ അന്തിമോപചാരമർപ്പിച്ചു.

വൈകീട്ട് 5മണിക്ക് കോൺഗ്രസ് ജി‌ല്ലാ കമ്മറ്റി ഓഫീസിൽ മ്യതദേഹം പൊതുദർശനത്തിന് വെക്കും. കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് മൂന്നുദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.