LiveTV

Live

Kerala

വാച്ച് ആൻഡ് വാർഡ് മര്‍ദിച്ചെന്ന് പ്രതിപക്ഷം പരാതി നല്‍കി

വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷം പിന്നീട് സ്പീക്കർക്ക് പരാതി നൽകി.

വാച്ച് ആൻഡ് വാർഡ് മര്‍ദിച്ചെന്ന് പ്രതിപക്ഷം പരാതി നല്‍കി

നയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണറെ ഡയസില്‍ തടഞ്ഞ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് മര്‍ദിച്ചെന്ന് പ്രതിപക്ഷം. അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷം സ്പീക്കർക്ക് പരാതി നൽകി.

ഗവർണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങളെ മാറ്റാനായി സ്പീക്കർ വാച്ച് ആൻഡ് വാർഡിന് നിർദേശം നൽകിയതോടെയാണ് സഭാ തലം സംഘർഷത്തിലേക്ക് നീങ്ങിയത്. എം.എൽ.എമാരെ ബലം പ്രയോഗിച്ച് മാറ്റാൻ വാച്ച് ആൻഡ് വാർഡിൻറെ ശ്രമം. പ്രതിപക്ഷാംഗങ്ങൾ ചെറുത്ത് നിന്നതോടെ നടുത്തളത്തിൽ ഉന്തും തളളും. നിലത്ത് കിടന്ന് പ്രതിഷേധിച്ച അൻവർ സാദത്ത് എം.എൽ.എയെ വലിച്ചിഴച്ചാണ് വാച്ച് ആൻഡ് വാർഡ് നീക്കിയത്.

വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷം പിന്നീട് സ്പീക്കർക്ക് പരാതി നൽകി. വാച്ച് ആൻഡ് വാർഡ് സഭക്കുളളിൽ കടക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായും പ്രതിപക്ഷം ആരോപിച്ചു.

സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കി‍. ഇതിനേക്കാള്‍ വലിയ പ്രതിഷേധം താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു നയപ്രഖ്യാപനം കഴിഞ്ഞ് മടങ്ങവേ ഗവര്‍ണറുടെ പ്രതികരണം.

ഗവർണർക്ക് നേരെ നിയസമഭയില്‍ നടന്നത് ആള്‍ക്കൂട്ട ആക്രമണമാണെന്നായിരുന്നു ബി.ജെ.പി നേതാവ് പി കെ കൃഷ്ണദാസിന്റെ പ്രതികരണം. സി.എ.എ വിരുദ്ധ സമരങ്ങൾക്ക് ഭീകരസംഘടനകളിൽ നിന്ന് പണം ഒഴുകുന്നുവെന്നുവെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു.

നയപ്രഖ്യാപനത്തിലെ ഗവര്‍ണറുടെ വിയോജിപ്പ് പരാമര്‍ശം പ്രസംഗത്തിന്റെ ഭാഗമായി സഭാ രേഖയിലുണ്ടാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രതിപക്ഷ എം.എല്‍.എമാരെ വാച്ച് ആന്റ് വാര്‍ഡ് കയ്യേറ്റം ചെയ്തെന്ന പരാതി അന്വേഷിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.