LiveTV

Live

Kerala

പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു; നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു

10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു; നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു

നയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നിയമസഭയില്‍ തടഞ്ഞു. 10 മിനിറ്റോളം ഡയസിന് മുമ്പില്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞത്. പ്രതിപക്ഷ എം.എല്‍.എമാരെ വാച്ച് ആന്‍റ് വാര്‍ഡുമാരെ ഉപയോഗിച്ച് വകഞ്ഞു മാറ്റിയാണ് ഗവര്‍ണരെ ഡയസിലേക്ക് എത്തിച്ചത്.

ഗവര്‍ണര്‍ നിയമസഭാ ഹാളിലേക്ക് കയറിയപ്പോള്‍ തന്നെ കേട്ടത് ഗോ ബാക്ക് വിളികള്‍. പ്രതിപക്ഷ എം.എല്‍.എമാര്‍ പ്ലക്കാര്‍ഡുകളും പിടിച്ച് മുദ്രാവാക്യം വിളിച്ച് സഭയില്‍ നിലയുറപ്പിച്ചു. സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും ഒപ്പം നടന്നു വന്ന ഗവര്‍ണര്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് മുന്നില്‍ വഴിമുട്ടി നിന്നു.

ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍ സ്പീക്കറും മന്ത്രി എ.കെ ബാലനും അനുനയശ്രമം നടത്തി. അത് പാളിയതോടെ സ്പീക്കര്‍ വാച്ച് ആന്‍റ് വാര്‍ഡിന്‍റെ സഹായം തേടി. പ്രതിപക്ഷ എം.എല്‍.എമാരെ നീക്കം ചെയ്ത് വാച്ച് ആന്‍റ് വാര്‍ഡ് ഗവര്‍ണര്‍ക്ക് വഴിയൊരുക്കി.

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. കേരളത്തിലെ ജനങ്ങളുടെ വികാരം മാനിക്കാതെ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് സഭ ബഹിഷ്കരിക്കുകയാണെന്നും പറഞ്ഞു. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടരുമ്പോള്‍ സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷം.