LiveTV

Live

Kerala

അല്ലാഹു അക്ബർ വിളിക്കാൻ കഴിയുമ്പോഴാണ് നമ്മുടെ സ്പേസുകൾ പൊതു ഇടങ്ങൾ ആവുന്നത് - ഡോ. എം.വി നാരായണൻ

മതേതര ഇടങ്ങള്‍/ മതേതര പ്രയോഗങ്ങള്‍ എന്ന സെമിനാറിലാണ് എം.വി നാരായണന്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിലെ മുദ്രാവാക്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്

അല്ലാഹു അക്ബർ വിളിക്കാൻ കഴിയുമ്പോഴാണ് നമ്മുടെ സ്പേസുകൾ പൊതു ഇടങ്ങൾ ആവുന്നത് - ഡോ. എം.വി നാരായണൻ

അല്ലാഹു അക്ബർ വിളിക്കാൻ കഴിയുമ്പോഴാണ് നമ്മുടെ സ്പേസുകൾ പൊതു ഇടങ്ങൾ ആവുന്നതെന്ന് ഡോ. എം.വി നാരായണന്‍. അന്താരാഷ്ട്ര തീയറ്റര്‍ ഫെസ്റ്റിവെലിനോടനുബന്ധിച്ച മതേതര ഇടങ്ങള്‍/ മതേതര പ്രയോഗങ്ങള്‍ എന്ന സെമിനാറിലാണ് എം.വി നാരായണന്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിലെ മുദ്രാവാക്യങ്ങളെക്കുറിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. വി. ഹിക്‍മത്തുള്ള, വിനോദ് നാരായന്‍ തുടങ്ങിയവരും സെമിനാറില്‍ സംസാരിച്ചു. രമേഷ് വര്‍മ്മയായിരുന്നു മോഡറേറ്റര്‍.

സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മുഴക്കുന്ന ഓരോ മുദ്രാവാക്യം വിളികള്‍ക്കും പ്രയോഗങ്ങള്‍ക്കും അതിന്റേതായ ഇടം ലഭിക്കേണ്ടതുണ്ടെന്നായിരുന്നു എം.വി നാരായണന്‍റെ അഭിപ്രായം. ഇന്ത്യയെന്ന വലിയൊരു പൊളിറ്റിക്കല്‍ സ്‌പേസിനെ ഒരു പൊതുഇടമായി പരിവര്‍ത്തിക്കാന്‍ കെല്‍പ്പുള്ളവയാണ് ഈ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തുന്ന ഓരോ വാക്കുകളും. ഇവിടങ്ങളില്‍ ഉയര്‍ത്തുന്ന വ്യത്യസ്തമായ ഓരോ മുദ്രാവാക്യവും, വ്യത്യസ്തമായ ഓരോ പോസ്റ്ററും, ഓരോ പ്രയോഗവും ഇന്ന് പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരുപക്ഷേ ഇന്നിവിടെ മുഴക്കുന്ന വിളികളില്‍ അല്ലാഹു അക്ബര്‍ വിളികള്‍ക്കാണ് ഈ ഇടങ്ങളെ പൊതുഇടമായി നിര്‍ത്താന്‍ ഏറ്റവും കെല്‍പ്പുള്ളത്. ഒരു മസ്ജിദില്‍ നിന്ന് ഉയരുന്ന അല്ലാഹു അക്ബര്‍ വിളിയില്‍ നിന്ന് വളരെ വത്യസ്തമാണ് ഷഹീന്‍ ബാഗില്‍ നിന്നടക്കമുള്ള തെരുവുകളില്‍ ഉയരുന്ന അല്ലാഹു അക്ബര്‍ വിളികള്‍. മതാത്മകമായ സ്വഭാവത്തില്‍ അണ് എങ്കില്‍ പോലും അല്ലാഹു അക്ബര്‍ എന്ന് ഇവിടെങ്ങളില്‍ മുഴക്കാന്‍ സാധിക്കുക എന്നത് പ്രത്യേകമായ ഈ ഇടത്തെ പുനര്‍നിര്‍ണയിക്കാനും അതിനെ ഒരു പൊതുഇടമായി മാറ്റുന്നതിനും സാധിക്കും എന്നുള്ളത് വസ്തുതയാണ്. രാം കീ ജയ് എന്നതില്‍ നിന്ന് വ്യത്യസ്തമായ ഏതൊരു വിളിക്കും അതിനാല്‍ തന്നെ ഇടം ലഭിക്കേണ്ടതുണ്ടെന്ന് നാരായണന്‍ പറഞ്ഞു.

മതത്തെ ഇല്ലായ്മ ചെയ്തുള്ള മതനിരാസമാണ് ഇന്ത്യന്‍ മതേതരത്വം എന്ന വാദം ഒരര്‍ഥത്തിലും ശരിയല്ല. ഏകശിലാത്മകമായ ഒരു സംസ്‌കാരത്തിന്റെ അതിന്റെ ഹെജമണിയെ ചോദ്യം ചെയ്യുന്ന ഇടമായി വേണം അല്ലാഹു അക്ബര്‍ മുഴക്കുന്ന തെരുവുകളെ കാണാന്‍. വ്യത്യസ്തമായിരിക്കുക എന്നതിന്റെ ഉത്തമ അടയാളമായി വേണമെങ്കില്‍ അല്ലാഹു അക്ബര്‍ വിളികളെ കാണാം. അതായത് അല്ലാഹു അക്ബര്‍ എന്ന് വിളിക്കാന്‍ സാധ്യമാകുന്നു എന്നിടത്താണ് നമ്മുടെ സ്‌പേസുകള്‍ പൊതുഇടമായി മാറുന്നത്. ഇതില്‍കൂടി നടപ്പിലാകുന്ന ബഹുസ്വരത ആണ് സെക്യുലറിസത്തിന്റെ യഥാര്‍ഥ ശക്തി. ഇത്തരത്തിലുള്ള മുദ്രാവക്യങ്ങള്‍ വിളിക്കരുത് എന്ന ശശി തരൂരടക്കമുള്ളവരുടെ വാദത്തോട് യോജിക്കാന്‍ സാധ്യമല്ല. കാരണം ഇത് വിളിക്കാനും മുഴക്കാനുമുള്ള സാധ്യതകള്‍ ഉണ്ടാക്കിയെടുക്കുക എന്നുള്ളതും കൂടിയാണ് ഈ സമരങ്ങളുടെ ലക്ഷ്യം, ഡോ. എം.വി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ് എം.വി നാരായണന്‍. ഇംഗ്ലണ്ടിലെ യൂണിവേഴ്‍സിറ്റി ഓഫ് എക്സറ്ററില്‍‍ നിന്ന് പി.എച്ച്.ഡി ഗവേഷണ ബിരുദം നേടിയ അദ്ദേഹം ഓര്‍മ്മയുടെ ഉത്ഭവം, ഇടം- അവതരണം- കാഴ്ചവഴികള്‍ എന്നീ രണ്ടു മലയാള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.