LiveTV

Live

Kerala

മാവോയിസ്റ്റ് മണിവാസകത്തിന്റെ ബന്ധുക്കളെ തമിഴ്നാട് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

സഹോദരി ലക്ഷ്മിയും ഭര്‍ത്താവും മകനും ജയിലില്‍

മാവോയിസ്റ്റ് മണിവാസകത്തിന്റെ ബന്ധുക്കളെ തമിഴ്നാട് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

അട്ടപ്പാടിയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ കുടുംബത്തിലെ മൂന്നു പേരെ തമിഴ്നാട് പൊലിസ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തു. മണിവാസകത്തിന്റെ സഹോദരി സേലം ഓമല്ലൂര്‍ സ്വദേശിയായ ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന്‍ സുധാകരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . മണിവാസകത്തിന്റെ ശരീരം ഏറ്റുവാങ്ങി, സംസ്കരിച്ച് രണ്ട്മാസം പിന്നിടുമ്പോഴാണ് അറസ്റ്റ്.

മഞ്ചിക്കണ്ടി വനമേഖലയില്‍ 2019 ഒക്ടോബര്‍ 29 നാണ് മണിവാസകം കൊലപ്പെടുന്നത്. മൃതദേഹം വിട്ടുകൊടുക്കുന്നതും സംസ്കരിയ്ക്കുന്നതും സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനിന്ന സാഹചര്യത്തിലാണ് മണിവാസകത്തിന്റെ സഹോദരി, ലക്ഷ്മി മദ്രാസ് ഹൈക്കോടതി മധുര ബഞ്ചില്‍ കേസ് നല്‍കുന്നത്. ഹരജി പരിഗണിച്ച കോടതി, മൃതദേഹം വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, സംസ്കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തമിഴ്നാട് പൊലിസ് നാട്ടുകാരെയുള്‍പ്പെടെ വിലക്കി. ഇതിനെയെല്ലാം മറികടന്നാണ് നവംബര്‍ 15ന് ഓമല്ലൂരിന് സമീപത്തെ ഗ്രാമത്തില്‍ മൃതദേഹം സംസ്കരിച്ചത്. ജനുവരി 24നാണ് ലക്ഷ്മിയെയും മകന്‍ സുധാകരനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

മണിവാസകത്തിന്റെ ഭാര്യ കല, മറ്റൊരു സഹോദരി ചന്ദ്ര എന്നിവര്‍ യുഎപിഎ കേസില്‍ ജയിലാണ്. സംസ്കാര ചടങ്ങിന് പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ പരോളിന് എത്തിയ ഇവര്‍ താമസിച്ചത്, ലക്ഷ്മിയുടെ വീട്ടിലായിരുന്നു. ഇതും ഈ കുടുബത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ കാരണമായി. ചെങ്കല്‍ തൊഴിലാളികളായ കുടുംബത്തെ അകാരണമായി അറസ്റ്റു ചെയ്തതിനെതിരെ പ്രതിഷേധം ആരംഭിയ്ക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ഒപ്പം നിയമപരമായും വിഷയത്തെ സമീപിക്കും.