LiveTV

Live

Kerala

കേന്ദ്രം ഭരിക്കുന്നവരുടെ തെറ്റായ നയങ്ങള്‍ സാമ്പത്തികാവസ്ഥയെ ബാധിക്കുന്നു: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

ദേശീയ തലത്തിലുള്ള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തേയും ബാധിക്കുന്നുണ്ടെന്നും ഗവര്‍ണര്‍

കേന്ദ്രം ഭരിക്കുന്നവരുടെ തെറ്റായ നയങ്ങള്‍ സാമ്പത്തികാവസ്ഥയെ ബാധിക്കുന്നു: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

രാജ്യത്തെ സാമ്പത്തികാവസ്ഥ തകരുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൊഴിലില്ലായ്മയും ഉയര്‍ന്ന നിരക്കിലാണ്. കേന്ദ്രം ഭരിക്കുന്നവരുടെ തെറ്റായ നയങ്ങള്‍ സാമ്പത്തികാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നു. ദേശീയ തലത്തിലുള്ള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തേയും ബാധിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

സർക്കാറിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചുമായിരുന്നു നയപ്രഖ്യാപനം. സന്നദ്ധ സേവനത്തിന് കമ്യൂണിറ്റി വൊളന്‍റിയർ കോർ, രാത്രികാല അഭയ കേന്ദ്രങ്ങൾ, തീവ്രവാദം തടയാൻ പ്രത്യേക സെൽ തുടങ്ങിയ നൂതന പദ്ധതികളാണ് നയപ്രഖ്യാപനത്തിലുള്ളത്. പ്രളയ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കമ്യൂണിറ്റി വൊളന്‍റിയർ കോർ. 100 പേർക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ആകെ 3.4 ലക്ഷം വൊളന്‍റിയർമാർക്ക് പരിശീലനം.

കേരളത്തിലെ ഓരോ 3000 പേർക്ക് ഒരു ജോഡി പൊതു ശുചിമുറികൾ വീതം സ്ഥാപിക്കും. സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന. കാർഷിക മേഖലയെ 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളായി പുനസംഘടിപ്പിക്കും. 10 ലക്ഷം കർഷകർക്ക് പരിശീലനം നൽകാൻ കൃഷി പാഠശാല. പാലക്കാട് കണ്ണമ്പ്രയിൽ 200 മെട്രിക് ടൺ ശേഷിയിൽ അരി മിൽ. തീരദേശ ജീവനോപാധി വർധിപ്പിക്കാൻ 280 കോടിയുടെ ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പദ്ധതി.

പാലക്കാട് എക്സൈസ് ടവർ, കിനാലൂരിൽ സംസ്ഥാനതല ലഹരിവിമുക്തി കേന്ദ്രം എന്നിവ സ്ഥാപിക്കും. മത്സ്യത്തൊഴിലാളികൾക്ക് പലിശ രഹിത വായ്പ, കാലാവസ്ഥ മുന്നറിയിപ്പിന് ഫിഷറീസ് സ്റ്റേഷനുകൾ, കണ്ണൂരിലെ കണ്ണവത്ത് വന്യജീവി സഫാരി പാർക്ക്, തീവ്രവാദം തടയാൻ കൌണ്ടര്‍ ഇന്‍റലിജന്‍സ് സെല്‍, കാക്കനാട് 15 ഏക്കറിൽ വൻകിട എക്സിബിഷൻ കം കൺവൻഷൻ സെന്റർ എന്നിവയും വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനങളുടെ വരുമാന ശേഷി കുറയ്ക്കുന്ന കേന്ദ്ര നയം ഫെഡറലിസത്തിന് എതിരാണെന്നും നയപ്രഖ്യാപനം ചൂണ്ടിക്കാണിക്കുന്നു.