LiveTV

Live

Kerala

കൊറോണ: സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തില്‍

പുതുതായി 173 പേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. പത്ത് പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്..

കൊറോണ: സംസ്ഥാനത്ത് 806  പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും ശക്തമായ നിരീക്ഷണം തുടരുകയാണ്. ചൈനയില്‍ നിന്നെത്തിയവരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആകെ 806 പേര്‍ നിരീക്ഷണത്തില്‍. പുതുതായി 173 പേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. പത്ത് പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്..

നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പത് പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിയിലുള്ള ആറു പേരുടെ ഫലം കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതിനിടെ ചൈനയിലേക്ക് പോകരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആരുടെയും ആരോഗ്യ നിലയില്‍ ആശങ്കക്ക് വകയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിരീക്ഷണത്തിലുള്ളവരില്‍ കൊറോണക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്ക് അയക്കുന്നുണ്ട്. പൂനയിലെ ലാബില്‍ നിന്ന് ഇതുവരെ ലഭിച്ച പരിശോധനഫലങ്ങളെല്ലാം നെഗറ്റീവാണ്.

മുന്‍കരുതലിന്റെ ഭാഗമായി കൊച്ചിയില്‍ മൂന്നും തൃശൂരില്‍ നാലും മലപ്പുറത്ത് ഒരാളുമാണ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍‌ കഴിയുന്നുണ്ട്. വൈറസ് ബാധിത മേഖലകളില്‍ നിന്നെത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൊച്ചിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കഴിഞ്ഞ ദിവസമെത്തിയ കേന്ദ്രസംഘവും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലാണ് നടത്തിയത്. വിമാനത്താവളങ്ങളിലെ നിരീക്ഷണവും തുടരുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായുളള സുരക്ഷാ ക്രമീകരണങ്ങളും മറ്റ് ജാഗ്രതാ നടപടികളും തുടരാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം.