LiveTV

Live

Kerala

നിക്ഷേപത്തിന്റെ മൂന്നിരട്ടി പണം ലഭിക്കും: മണിചെയിന്‍ മാതൃകയില്‍ തിരുവനന്തപുരത്ത് വന്‍ നിക്ഷേപത്തട്ടിപ്പ്

കാമിനോ ഇന്റര്‍നാഷണല്‍‍ എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയത്

നിക്ഷേപത്തിന്റെ മൂന്നിരട്ടി പണം ലഭിക്കും: മണിചെയിന്‍ മാതൃകയില്‍ തിരുവനന്തപുരത്ത് വന്‍ നിക്ഷേപത്തട്ടിപ്പ്

തിരുവനന്തപുരത്ത് വന്‍ നിക്ഷേപ തട്ടിപ്പ്. വീട്ടമ്മമാര്‍ ഉൾപ്പെടെ നൂറുകണക്കിന് പേര്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടമായി. കാമിനോ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ് പൈസ നഷ്ടമായത്. ദിവസവും നിക്ഷേപത്തിന്റെ മൂന്നിരട്ടി പണം ലഭിക്കുമെന്ന വാഗ്ദാനം നടത്തിയാണ് തട്ടിപ്പ്.

കാമിനോ ഇന്‍റര്‍നാഷണല്‍ ട്രാവല്‍ സര്‍വീസിങ് ആന്റ് മാര്‍ക്കറ്റിങ് കമ്പനി എന്നായിരുന്നു നിക്ഷേപ കമ്പനിയുടെ പേര്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ദിവസവും 1800 രൂപ വീതം തിരികെ നല്‍കും. ആഴ്ചയില്‍ അഞ്ചുദിവസമെന്ന നിലയില്‍ മൂന്നിരട്ടി വരെ തിരികെ ലഭിക്കും. മണി ചെയ്ന്‍ രീതിയിലാണ് പുതിയ നിക്ഷേപകരെ ചേര്‍ത്തിരുന്നത്. ഓരോ നിക്ഷേപത്തിന്റെ 10 ശതമാനം കണ്ണി ചേര്‍ക്കുന്നയാളിന് കിട്ടും. ആകര്‍ഷകമായ വാഗ്ദാനം ലഭിച്ചതോടെ നൂറു കണക്കിന് പേരാണ് കാമിനോടില്‍ നിക്ഷേപം നടത്തിയത്. കാത്തലിക് സിറിയന്‍ ബാങ്കിന്റെ കോയമ്പത്തൂര്‍ ഗാന്ധിപുരം ശാഖയിലെ അക്കൌണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. പണം ലഭിച്ചതും ബാങ്കുവഴിതന്നെ.

സെപ്റ്റംബര്‍ മുതല്‍ തുടങ്ങിയ നിക്ഷേപ പദ്ധതി നവംബര്‍ മുതല്‍ നൂറുകണക്കിന് പേര്‍ അംഗങ്ങളായി. ജനുവരി 10 ആയതോടെ പണം വരവ് നിന്നും. വാട്ട്സ് അപ് ഗ്രൂപ്പ് വഴിയുള്ള ആശയവിനിമയവും. അബ്ദുല്‍ അസീസ് നസ്റീന്‍ ഫാതിമ എന്നപേരിലാണ് ജി എസ് ടി അക്കൌണ്ടുള്ളത്. പെരുമ്പാവൂര്‍ സ്വദേശി നിയാസാണ് തിരുവനന്തപുരത്ത് ആളുകളെ കണ്ണി ചേര്‍ത്തത്.

പണം നഷ്ടമായവര്‍ പൂന്തുറ, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. 37 ആളുകളാണ് ഇപ്പോള്‍ പൂന്തുറ സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.