LiveTV

Live

Kerala

സ്വകാര്യവ്യക്തി കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിച്ച് റവന്യു വകുപ്പ്

ചതുരംഗപ്പാറ നിവാസികളായ കൊച്ചുപറമ്പില്‍ മത്തായി ചാക്കോ, കൊടിത്തോട്ടത്തില്‍ പളനിസ്വാമി ചെട്ടിയാർ എന്നിവരുടെ പേരില്‍ വ്യാജപട്ടയമുണ്ടാക്കി കെ.വി.എ.സ് ഫാംസ് എന്ന കമ്പനിക്ക് മറിച്ച് വില്‍ക്കുകയായിരുന്നു

സ്വകാര്യവ്യക്തി കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിച്ച് റവന്യു വകുപ്പ്

ഇടുക്കി ചതുരംഗ പാറയില്‍ സ്വകാര്യവ്യക്തി കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിച്ച് റവന്യു വകുപ്പ്. കേരള-തമിഴ്നാട് അതിർത്തിയായ ചതുരംഗപാറയില്‍ കയ്യേറിയ ഭൂമിയുടെ പട്ടയമാണ് റദ്ദ് ചെയ്ത് സർക്കാർ ബോർഡ് സ്ഥാപിച്ചത്. ചതുരംഗപ്പാറ വില്ലേജില്‍ തമിഴ്നാട് അതിർത്തി വേർതിരിക്കുന്ന 98/2 സർവേ നമ്പരില്‍ ബ്ലോക് നമ്പർ 18ലുള്ള ഒമ്പത് ഏക്കർ സർക്കാർ വക ഭൂമിയാണ് തിരിച്ചുപിടിച്ചത്.

ചതുരംഗപ്പാറ നിവാസികളായ കൊച്ചുപറമ്പില്‍ മത്തായി ചാക്കോ, കൊടിത്തോട്ടത്തില്‍ പളനിസ്വാമി ചെട്ടിയാർ എന്നിവരുടെ പേരില്‍ വ്യാജപട്ടയമുണ്ടാക്കി കെ.വി.എ.സ് ഫാംസ് എന്ന കമ്പനിക്ക് മറിച്ച് വില്‍ക്കുകയായിരുന്നു. പട്ടയ നമ്പർ സംബന്ധിച്ച സംശയം നീക്കുന്നതിന് വില്ലേജ് ഓഫീസിലെത്തി ഫാം ഉടമ എം.ഡി ജോസഫ് നല്‍കിയ അപേക്ഷ പരിശോധിച്ചപ്പോഴാണ് വ്യാജപട്ടയം കണ്ടെത്തിയത്. തുടർന്ന് തഹസില്‍ദാർ നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ആർ.ഡി.ഒ പട്ടയം റദ്ദ് ചെയ്യുകയും ഭൂമി ഏറ്റെടുക്കുന്നതിന് നിർദ്ദേശം നല്‍കുകയുമായിരുന്നു.