LiveTV

Live

Kerala

NPR വിവരശേഖരണത്തിനായി മഞ്ചേരി നഗരസഭയുടെ കത്ത്

സംഭവം വിവാദമായതോടെ നഗരസഭ അധികൃതർ സർക്കുലർ തിരികെ വാങ്ങി.

NPR വിവരശേഖരണത്തിനായി  മഞ്ചേരി നഗരസഭയുടെ കത്ത്

സെൻസസിനൊപ്പം എൻ.പി.ആർ വിവര ശേഖരണത്തിന് അധ്യാപകരുടെ വിവരങ്ങൾ തേടി മഞ്ചേരി നഗരസഭയിൽ നിന്നും പ്രധാനാധ്യാപകർക്ക് കത്ത്. സംഭവം വിവാദമായതോടെ നഗരസഭ കത്ത് പിൻവലിച്ചു. സംഭവത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കേതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻസസ് ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച ഉത്തരവിന്റെ പകർപ്പോടെയാണ് മഞ്ചേരി നഗരസഭ സെക്രട്ടറി പ്രധാനാദ്ധ്യാപകർക്ക് കത്തയച്ചത്. മഞ്ചേരി നഗരസഭയില്‍ നിന്ന് അയച്ച കത്തില്‍ 2021 സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൻെറ ഭാഗമായി ജീവനക്കാരുടെ വിവരങ്ങള്‍ പ്രത്യേക പ്രൊഫോർമയില്‍ തയ്യാറാക്കി അറിയിക്കണമെന്നാണ് ആവിശ്യപ്പെട്ടത്.

കത്തിനോടൊപ്പം അയച്ച കേന്ദ്രസർക്കാർ ഉത്തരവിൽ എൻ.പി.ആർ പുതുക്കുന്നതിൻെറ ഭാഗമാണിതെന്നും പരാമർശിച്ചിരുന്നു. കേരളത്തിൽ എൻ.പി.ആറുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും നിർത്തിവെച്ചിരിക്കുന്നുവെന്നു കാണിച്ച് സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിയിരുന്നു. ഇതിനിടയിലാണ് മഞ്ചേരി നഗരസഭ, സെൻസസ് NPR തുടർപ്രവർത്തനങ്ങൾക്ക് അധ്യാപകരെ ആവിഷ്യപ്പെട്ട് കത്തയച്ചത്.

സംഭവം വിവാദമായതോടെ നഗരസഭ അധികൃതർ സർക്കുലർ തിരികെ വാങ്ങി. അതേസമയം സംസ്ഥാനത്ത് എൻ‌പി‌ആർ നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാർ നിർദേശം എല്ലാ ഫീൽഡ് ഓഫീസർമാർക്കും നൽകിയിട്ടുണ്ടെന്നും വ്യക്തമായ നിർദ്ദേശത്തിന് ശേഷവും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് ഫെയ്സ്ബുക്കിൽ കുറിച്ചു. സർക്കാർ നിലപാടിന് വിരുദ്ധമായി എൻ‌.പി‌.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിലൊരിടത്തും ആരംഭിചിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.