LiveTV

Live

Kerala

നേതൃവിമര്‍ശത്തിലേക്ക് മാറിയ മുരളി-മുല്ലപ്പള്ളി പോര് പാര്‍ട്ടി ഫോറങ്ങളില്‍ തുടര്‍ന്നേക്കും

പരസ്യ പ്രസ്താവനക്കുള്ള വിലക്കും അച്ചടക്ക സമിതി രൂപീകരണവും തര്‍ക്കങ്ങള്‍ക്ക് അയവ് വരുത്തുമെന്നാണ് സൂചന

നേതൃവിമര്‍ശത്തിലേക്ക് മാറിയ മുരളി-മുല്ലപ്പള്ളി പോര് പാര്‍ട്ടി ഫോറങ്ങളില്‍ തുടര്‍ന്നേക്കും

ഭാരവാഹി പട്ടികയില്‍ നിന്ന് നേതൃവിമര്‍ശത്തിലേക്ക് മാറിയ മുരളി- മുല്ലപ്പള്ളി പോര് പാര്‍ട്ടി ഫോറങ്ങളില്‍ തുടര്‍ന്നേക്കും. പരസ്യ പ്രസ്താവനക്കുള്ള വിലക്കും അച്ചടക്ക സമിതി രൂപീകരണവും തര്‍ക്കങ്ങള്‍ക്ക് അയവ് വരുത്തുമെന്നാണ് സൂചന . ഗവര്‍ണര്‍ക്കെതിരായ നീക്കങ്ങള്‍ സജീവമാക്കി പാര്‍ട്ടി ക്കുള്ളിലെ തര്‍ക്കത്തില്‍ നിന്ന് പുറത്തു കടക്കാനും കോണ്‍ഗ്രസില്‍ ആലോചനയുണ്ട്.

കെ.മുരളീധരന്‍ ഉന്നയിച്ച നേതൃവിമര്‍ശങ്ങള്‍ക്ക് കെ.പി.സി.സി പ്രസിഡന്‍റ് അക്കമിട്ടാണ് ഇന്നലെ മറുപടി പറഞ്ഞത്. അച്ചടക്ക സമിതി രൂപീകരണത്തെക്കുറിച്ച് പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രന്‍ അച്ചടക്കത്തിന്‍റെ വാളും വീശുന്നുണ്ട്. പരസ്യപ്രസ്താവന വിലക്കിയ ഹൈക്കമാന്‍ഡ് നിലപാട് കൂടി ആയതോടെ പരസ്യ വിഴുപ്പലക്കലിന് ശമനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം പൌരത്വ പ്രക്ഷോഭത്തിലടക്കമുള്ള വിമര്‍ശങ്ങള്‍ പാര്‍ട്ടിക്കകത്ത് ശക്തമാകും. പൌരത്വ ഭേദഗതി നിയമത്തിലെ പ്രക്ഷോഭത്തില്‍ സി.പി.എമ്മിന് മേല്‍ക്കൈ ലഭിച്ചുവെന്ന മുരളീധരന്‍റെ വിമര്‍ശം പാര്‍ട്ടിയിലെ ഒരു വിഭാഗം പങ്കുവെക്കുന്ന വികാരമാണ്. ഈ വിമര്‍ശം ഒഴിവാക്കാനായി പ്രക്ഷോഭ പരിപാടികള്‍ സജീവമാക്കാനും പാര്‍ട്ടി ആലോചിക്കുന്നു.

ജനുവരി 30 ലെ എറണാകുളത്തെ മഹാറാലി, ജില്ലകളിലെ ജനകീയ ഭൂപടം എന്ന പരിപാടികള്‍ സജീവമാക്കാന്‍ ഇന്നലത്തെ ഭാരവാഹി യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗവര്‍ണറുമായി തര്‍ക്കത്തില്‍ സി.പി.എം പിന്നോട്ടു പോയതിനെ നിരന്തരമായി ഉന്നയിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്, അതിലൂടെ പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് നേതൃത്വം കണക്ക്കൂട്ടുന്നു. വൈകാതെ തന്നെ കെ.പി. സി.സി രാഷ്ട്രീകാര്യ സമിതി വിളച്ചു ചേര്‍ക്കാനും ആലോചിക്കുന്നുണ്ട്.