LiveTV

Live

Kerala

മൂന്നാറില്‍ റിസോര്‍ട്ടിന്‍റെ പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു; കലക്ടര്‍ക്കെതിരെ സി.പി.എം രംഗത്ത്

ആംമ്പർ ഡെയ്ൽ എന്ന റിസോർട്ടിന്‍റെ പട്ടയം റദ്ദാക്കിയ ജില്ലാ കലക്ട്ടറുടെ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്, മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയമാണ് കലക്ടര്‍ റദ്ദാക്കിയിരുന്നത്

മൂന്നാറില്‍ റിസോര്‍ട്ടിന്‍റെ പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു; കലക്ടര്‍ക്കെതിരെ സി.പി.എം രംഗത്ത്

മൂന്നാര്‍ പള്ളിവാസലിലെ പഴയ പ്ലംജൂഡിയും ഇപ്പോള്‍ അംബര്‍ ഡെയിലുമായ റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം ഇടുക്കി ജില്ലാ കലക്ടറാണ് റദ്ദാക്കിയിരുന്നത്. അതിനിടെ കലക്ടറുടെ നടപടിക്കെതിരെ സി.പി.എമ്മും രംഗത്തെത്തി. 1964ലെ ഭൂപതിവ് ചട്ടപ്രകാരം നല്‍കിയ പട്ടയങ്ങളുടെ വ്യവസ്ഥ ലംഘിച്ച് വാണിജ്യാടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ നിർമിച്ചതിനാണ് പള്ളിവാസലിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയങ്ങള്‍ ജില്ല കലക്ടർ റദ്ദാക്കിയത്.

വിജിലന്‍സ് അന്വേഷണത്തെ തുടർന്ന് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലാണ് നടപടിയെന്ന് ജില്ല കലക്ടർ വ്യക്തമാക്കിയിരുന്നു. ഈ നടപടിക്കെതിരെയാണ് സി.പി.എം ജില്ല സെക്രട്ടറിയേറ്റും ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനും രംഗത്തെത്തി. നടപടി സർക്കാർ പരിശോധിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടപ്പോള്‍ കലക്ടറുടെ നടപടി മുഖ്യമന്ത്രിക്കും സർക്കാർ നയങ്ങള്‍ക്കും എതിരാണെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എയും കുറ്റപ്പെടുത്തി.

ഇതിനിടെ പ്ലംജൂഡി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആംബർ ഡെയില്‍ റിസോർട്ടിന്‍റെ പട്ടയം റദ്ദാക്കിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. കലക്ടറുടെ നടപടി നിയമപരമല്ലെന്നും വിജിലന്‍സ് കേസിന്‍റെ അടിസ്ഥാനത്തില്‍ പട്ടയം റദ്ദാക്കാനാകില്ലെന്നും റിസോർട്ട് ഉടമകള്‍ ഹൈകോടതിയില്‍ വാദിച്ചു. ഹർജി ഹൈകോടതി ഫെബ്രുവരി 25 ലേക്ക് മാറ്റി. ജില്ല കലക്ടർക്കെതിരെ സി.പി.എം രംഗത്തെത്തിയതോടെ വിഷയത്തില്‍ സി.പി.ഐ നിലപാട് ശ്രദ്ധേയമാകും.