LiveTV

Live

Kerala

വിവരാവകാശ പ്രവർത്തകനെ ആക്രമിച്ചത് മണൽ മാഫിയ;  ഫോൺ സംഭാഷണം മീഡിയവണിന്

തോട് കയ്യേറ്റത്തിനെതിരെ നല്‍കിയ വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കയ്യേറ്റം ചെയ്യുമെന്ന് പറയുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.

വിവരാവകാശ പ്രവർത്തകനെ ആക്രമിച്ചത് മണൽ മാഫിയ;  ഫോൺ സംഭാഷണം മീഡിയവണിന്

കോട്ടയം നഗരസഭയിൽ വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയനെ ആക്രമിച്ചത് മണൽ മാഫിയ എന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണം മീഡിയവണിന്. തോട് കയ്യേറ്റത്തിനെതിരെ നല്‍കിയ വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കയ്യേറ്റം ചെയ്യുമെന്ന് പറയുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. ശബ്ദരേഖ പൊലീസിന് കൈമാറിയിട്ടും ശക്തമായ നടപടി എടുക്കാത്തതിനെ തുടർന്ന് മഹേഷ് വിജയൻ ഡി.ജി.പിക്ക് പരാതി നല്‍കി.

കാട്ടാക്കടയിൽ വിവരാവകാശ പ്രവർത്തകനെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുൻപാണ് കോട്ടയത്തു നിന്നും അക്രമത്തിന്റെ ആസൂത്രണ വാർത്ത പുറത്തുവരുന്നത്. മഹേഷിനെ നഗരസഭാ കാര്യാലയത്തിൽ വെച്ച് ആക്രമിക്കുന്നതിന് ഒരാഴ്ച മുന്നേ വെള്ളൂപ്പറമ്പ് സ്വദേശി ബൈജു എന്നറിയപ്പെടുന്ന കരാറുകാരൻ സുരേഷ് ഭീഷണിപ്പെടുത്തി.

ആക്രമണമുണ്ടായ ശേഷം ഭീഷണി സംബന്ധിച്ച് ഓഡിയോ ക്ലിപ്പ് കോട്ടയം വെസ്റ്റ് പോലീസിന് മഹേഷ് കൈമാറി. എന്നാൽ ഇയാൾക്കെതിരെ നടപടിയുണ്ടായില്ല. പൊലീസ് ശക്തമായ നടപടിയെടുക്കാത്ത സാഹചര്യത്തിൽ ഡി.ജി.പിക്ക് മഹേഷ് വിജയൻ പരാതി നല്‍കി.

കഴിഞ്ഞ ബുധനാഴ്ചയാണ് നഗരസഭാ കാര്യാലയത്തിൽ വച്ച് മഹേഷ് വിജയൻ ആക്രമിക്കപ്പെട്ടത്. മാടക്കൻ ഷാജി തോട് കൈയേറി നടത്തിയ നിർമാണ പ്രവർത്തനം റവന്യൂ ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ നൽകി തടഞ്ഞിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചതാണ് പ്രകോപനത്തിന് കാരണമായത്. അതേസമയം സംഭവത്തിൽ പ്രത്യേക പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് കോട്ടയം വെസ്റ്റ് പൊലീസ് വ്യക്തമാക്കി.