LiveTV

Live

Kerala

കേരള ബാങ്ക് രൂപീകരണം നിയമവിരുദ്ധം; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടും: ചെന്നിത്തല

കേരള ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളിലെ ഇടപാടുകളില്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് റിസര്‍വ് ബാങ്ക് അന്വേഷണം നടത്തണമെന്ന് ഉമ്മന്‍ ചാണ്ടി

കേരള ബാങ്ക് രൂപീകരണം നിയമവിരുദ്ധം; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടും: ചെന്നിത്തല

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ ബാങ്ക് രൂപീകരണം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളിലെ ഇടപാടുകളില്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് റിസര്‍വ് ബാങ്ക് അന്വേഷണം നടത്തണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

യുഡിഎഫ് സഹകാരി മഹാസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കേരളബാങ്കിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചത്. കേരള ബാങ്ക് രൂപീകരണത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന മലപ്പുറം ജില്ലാ ബാങ്ക് ഒറ്റക്കല്ലെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളാ ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളിലെ ഇടപാടുകളില്‍ ക്രമക്കേട് നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബാങ്കിനെതിരെ പ്രതിഷേധിക്കുന്നവരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും സഹകരണ ഉദ്യോഗസ്ഥരെ ഇതിനായി ഉപയോഗിക്കുന്നുവെന്നും യോഗത്തില്‍ ചിലര്‍ പരാതി ഉന്നയിച്ചു. അതേസമയം കേരള ബാങ്കുമായി സഹകരിക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചിട്ടും ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെ അനുകൂലിച്ച് നിലപാടെടുത്തതായും സംഗമത്തില്‍ വിമര്‍ശനമുണ്ടായി.