LiveTV

Live

Kerala

എഫ്.ഐ.ആർ ഏത് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാം: ഡി.ജി.പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി

അധികാര പരിധിക്ക് പുറത്തെന്ന് പറഞ്ഞ് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ ഇനി പോലീസിന് കഴിയില്ല.

എഫ്.ഐ.ആർ ഏത് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാം: ഡി.ജി.പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി

സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും ഇനി മുതൽ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാം. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് ഡി.ജി.പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

അധികാര പരിധിക്ക് പുറത്തെന്ന് പറഞ്ഞ് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ ഇനി പോലീസിന് കഴിയില്ല. ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരം എഫ്.ഐ.ആർ സംബന്ധിച്ച പുതിയ നിർദേശം സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥർക്ക് നൽകി. ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് എഫ്.ഐ.ആര്‍ അയച്ചുകൊടുക്കും.

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം അദ്ദേഹത്തിന് രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേയ്ക്ക് അയച്ചുകൊടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.