LiveTV

Live

Kerala

യു.ഡി.എഫ് അനുകൂല സംഘടനകളെ മനുഷ്യ ശൃംഖലയുടെ ഭാഗമാക്കാൻ കഴിഞ്ഞത് എൽ.ഡിഎഫിന് നേട്ടമായി

മനുഷ്യ ശൃംഖലയുടെ ഭാഗമാകാനുള്ള ക്ഷണത്തെ ലീഗും കോൺഗ്രസും തള്ളി കളഞ്ഞപ്പോഴും മുസ്‍ലിം മത സംഘടനകളിലൂടെ അവരിലെ ഒരു വിഭാഗം അണികളെ ഒപ്പം നിർത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് നേതൃത്വം.

 യു.ഡി.എഫ് അനുകൂല സംഘടനകളെ മനുഷ്യ ശൃംഖലയുടെ ഭാഗമാക്കാൻ കഴിഞ്ഞത് എൽ.ഡിഎഫിന് നേട്ടമായി

യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കാറുള്ള സമസ്ത, മുജാഹിദ് നേതൃത്വത്തെ മനുഷ്യ ശൃംഖലയുടെ ഭാഗമാക്കാൻ കഴിഞ്ഞത് എൽ.ഡിഎഫിന് നേട്ടമായി. മനുഷ്യ ശൃംഖലയുടെ ഭാഗമാകാനുള്ള ക്ഷണത്തെ ലീഗും കോൺഗ്രസും തള്ളി കളഞ്ഞപ്പോഴും മുസ്‍ലിം മത സംഘടനകളിലൂടെ അവരിലെ ഒരു വിഭാഗം അണികളെ ഒപ്പം നിർത്താൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് നേതൃത്വം.

ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ കേരള നദ്‍വത്തുൽ മുജാഹിദീൻ സംസ്ഥാന അധ്യക്ഷൻ ടി.പി അബ്ദുല്ല കോയ മദനി ഭാഗമായിരുന്നു. ഒപ്പം സമസ്തയുടെ വിവിധ നേതാക്കളുടെ പങ്കാളിത്വവും ഉറപ്പിക്കാൻ എൽ.ഡി.എഫിനായി. ഇതിലൂടെ പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഇരു സംഘടനകളിലേയും അണികളിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. പലരും ചങ്ങലയിൽ കൈ കോർത്തു. ഇത് രാഷ്ടീയമായ വിജയം കൂടിയായി എൽ.ഡി.എഫ് നേതൃത്വം കണക്ക് കൂട്ടുന്നു.

കാന്തപുരം വിഭാഗം നേതാക്കളും എൽ.ഡി.എഫ് ക്ഷണം സ്വീകരിച്ച് മനുഷ്യ ശൃംഖലയ്ക്ക് പിന്തുണയുമായെത്തി. ഇതെല്ലാം മുസ്‍ലിം ന്യൂനപക്ഷം പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സർക്കാരും എൽ.ഡി.എഫും കൈക്കൊണ്ട സമീപനത്തിന് നൽകിയ അംഗീകാരമാണെന്നും എൽ.ഡി.എഫ് നേതൃത്വം വിശ്വസിക്കുന്നു. വരും കാലങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുമെന്നാണ് എൽ.ഡി.എഫിന്റെ കണക്ക് കൂട്ടൽ. പ്രക്ഷോഭത്തിന്റെ നേതൃത്വം സംസ്ഥാന സർക്കാരിലേക്കും എൽ.ഡി.എഫിലേക്കും കേന്ദ്രീകരിക്കപ്പെടുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന് യു.ഡി.എഫിനും അറിയാം. അതിനാലാണ് യു.ഡി.എഫ് അണികൾ പോലും എൽ.ഡി.എഫ് മനുഷ്യ ശൃംഖലയിൽ കണ്ണികളായെന്ന പരാമർശം കെ മുരളീധരനടക്കമുള്ള നേതാക്കൾ പരസ്യമായി നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മനുഷ്യ ശൃംഖലയുടെ ഭാഗമായതെന്നാണ് മത സംഘടനാ നേതാക്കളുടെ നിലപാട്.