LiveTV

Live

Kerala

മോഹന്‍ ശങ്കറിനെ പിന്തുണച്ച് കോണ്‍ഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വം

മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്‍റെ മകനായ മോഹന്‍ ശങ്കര്‍ നേരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച പശ്ചാത്തലം മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശങ്ങള്‍.

 മോഹന്‍ ശങ്കറിനെ പിന്തുണച്ച് കോണ്‍ഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വം

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി ആര്‍ ശങ്കറിന്‍റെ മകന്‍ മോഹന്‍ ശങ്കറിനെ തെരഞ്ഞെടുത്തതിനെ പിന്തുണച്ച് കോണ്‍ഗ്രസിന്‍റെ സംസ്ഥാന, ദേശീയ നേതൃത്വം രംഗത്ത്. മോഹന്‍ ശങ്കറിനെതിരായ മുരളീധരന്‍റെ വിമര്‍ശനം തള്ളിയ നേതൃത്വം, ഈഴവ വിഭാഗത്തിന്‍റെ പ്രതിനിധ്യമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന സൂചനയും നല്‍കുന്നു. 10 വര്‍ഷത്തിലധികമായി താന്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗമാണെന്ന് മോഹന്‍ ശങ്കറും പറഞ്ഞു.

കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരായ വിമര്‍ശമുയര്‍ന്നത് കൂടുതല്‍ മോഹന്‍ ശങ്കറിന്‍റെ തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ്. മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്‍റെ മകനായ മോഹന്‍ ശങ്കര്‍ നേരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച പശ്ചാത്തലം മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശങ്ങള്‍. എന്നാല്‍ ഈഴവ വിഭാഗത്തില്‍ നിന്നുള്ള നല്ല പ്രാതിനിധ്യം എന്ന നിലയിലാണ് മോഹന്‍ ശങ്കറിന്‍റെ ഭാരവാഹിത്വത്തെ കെ.പി.സി.സി നേതൃത്വം കാണുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മോഹന്‍ ശങ്കറിന്‍റെ സാന്നിധ്യം ഗുണം ചെയ്യുമെന്നും കെ.പി.സി.സി നേതൃത്വം കരുതുന്നു. അതുകൊണ്ടു തന്നെയാണ് എ.ഐ.സി.സി നേതാക്കള്‍ അടക്കം മോഹന്‍ ശങ്കറിന്‍റെ ഭാരവാഹിത്വത്തെ പിന്തുണക്കുന്നത്.

മുരളിയുടെ വിമര്‍ശങ്ങള്‍ക്ക് മറുപടിയില്ലെന്ന് പറഞ്ഞ മോഹന്‍ ശങ്കറും പാര്‍ട്ടിയുമായുള്ള ബന്ധം ഊന്നിപറഞ്ഞു. ഗ്രൂപ്പ് അതീതമായി നേതാക്കളുടെ പൊതുതീരുമാനമായിരുന്നു മോഹന്‍ ശങ്കറിന്‍റെ ഭാരവാഹിത്വമെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്.