LiveTV

Live

Kerala

നയപ്രഖ്യാപനത്തില്‍ പൗരത്വനിയമത്തിനെതിരായ പരാമര്‍ശം മാറ്റാനാവില്ല: സര്‍ക്കാര്‍, ഗവര്‍ണറോട്

പ്രതിഫലിപ്പിച്ചത് ജനങ്ങളുടെ ആശങ്കയെന്ന് വിശദീകരണം

നയപ്രഖ്യാപനത്തില്‍ പൗരത്വനിയമത്തിനെതിരായ പരാമര്‍ശം മാറ്റാനാവില്ല: സര്‍ക്കാര്‍, ഗവര്‍ണറോട്

നയപ്രഖ്യാപനത്തിൽ പൗരത്വനിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയത് മാറ്റാനാകില്ലെന്ന് സർക്കാർ ഗവർണറെ അറിയിച്ചു. ജനങ്ങളുടെ ആശങ്കയാണ് നയപ്രഖ്യാപനത്തിൽ പ്രതിഫലിച്ചതെന്നാണ് സർക്കാർ വിശദീകരണം. ഗവർണർക്കെതിരായ പ്രമേയത്തെ അനുകൂലിക്കേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു.

സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിനെ സംബന്ധിച്ച പരാമര്‍ശം നയപ്രഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത് കോടതിയലക്ഷ്യമാണെന്നും, സര്‍ക്കാരിന്റെ അധികാരപരിധിയില്‍ ഉള്‍പ്പെടാത്ത വിഷയം ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നുമായിരുന്നു ഗവര്‍ണറുടെ നിലപാട്. ഇത് സംബന്ധിച്ച് നൽകിയ വിശദീകരണത്തിലാണ് നയപ്രഖ്യാപനത്തിൽ മാറ്റം വരുത്തില്ലെന്ന് സർക്കാർ ഗവർണറെ അറിയിച്ചത്.

സർക്കാർ നിലപാട് ഭരണഘടനക്കെതിരല്ലെന്നാണ് ചീഫ് സെക്രട്ടറി നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. ഗവർണറുമായി ഏറ്റുമുട്ടലിനില്ല. ജനങ്ങളുടെ ആശങ്കയാണ് നയപ്രഖ്യാപനത്തിൽ പ്രതിഫലിച്ചതെന്നും സർക്കാർ വിശദീകരിച്ചു.

നയപ്രഖ്യാപന പ്രസംഗം ബുധനാഴ്ച നടക്കാനിരിക്കെ ഇക്കാര്യത്തിൽ ഗവർണർ സ്വീകരിക്കുന്ന നിലപാട് ഇനി നിർണായകമാവും. നിയമത്തിനെതിരായ വാചകങ്ങൾ വായിക്കാതെ ഒഴിവാക്കുകയോ അല്ലെങ്കിൽ വായിച്ച ശേഷം വിയോജിപ്പ് രേഖപ്പെടുത്താനോ ഗവർണർക്ക് അധികാരമുണ്ട്. രണ്ടായാലും സർക്കാറും ഗവർണറും തമ്മിലുളള തർക്കം വീണ്ടും രൂക്ഷമാക്കും. ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയാലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമായിരിക്കും സഭാരേഖകളില്‍ ഉണ്ടാവുക.

അതേ സമയം ഗവർണർക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. പ്രമേയം ഭരണഘടന പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. ഇക്കാര്യം ഗവർണറെ അറിയിച്ചതായും സൂചനയുണ്ട്.