LiveTV

Live

Kerala

കാട്ടാക്കടയില്‍ മണ്ണ് മാഫിയ യുവാവിനെ കൊലപ്പെടുത്തിയ കേസ്: ജെസിബി ഉടമ കീഴടങ്ങി

വെള്ളിയാഴ്ച പുലർച്ചെയാണ് അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണ് മാഫിയ ജെസിബി ഇടിച്ച് കൊന്നത്.

കാട്ടാക്കടയില്‍ മണ്ണ് മാഫിയ യുവാവിനെ കൊലപ്പെടുത്തിയ കേസ്: ജെസിബി ഉടമ കീഴടങ്ങി

മണ്ണെടുപ്പ് തടഞ്ഞതിന് ജെസിബി ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികൾ പിടിയിലായതായി പൊലീസ്. മണ്ണെടുപ്പ് തടഞ്ഞതിലും പൊലീസിനെ വിവരം അറിയിച്ചതിലുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. സംഭവമറിഞ്ഞിട്ടും പൊലീസ് എത്തിയില്ലെന്ന പരാതിയില്‍ ഡിവൈഎസ്‍പി അന്വേഷണം തുടങ്ങി.

മണ്ണുമാന്തിയന്ത്രം ഉടമ സജു, ടിപ്പർ ഉടമ ഉത്തമൻ, ജെസിബി ഓടിച്ച വിജീഷ്, ടിപ്പർ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുൻ, ഇവരെ സഹായിച്ച ലാൽകുമാർ, അനീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട സംഗീതിന്റെ കാർ എടുത്തുമാറ്റിയ ബൈജുവാണ് ഇനി പിടിയിലാകാനുള്ളത്.

തമിഴ്‍നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. സജുവും ഉത്തമനുമാണ് സംഘാത്തലവന്മാർ. സംഭവദിവസം 5 പറമ്പുകളിൽ നിന്ന് ഇവർ മണ്ണ് കടത്തി. സംഗീതിന്റെ പുരയിടത്തിൽ നിന്ന് മാത്രം അഞ്ചു ലോഡ് മണ്ണെടുത്തു. സംഗീത് പൊലീസിനെ വിവരമറിയിച്ചതോടെയാണ് ടിപ്പർ ഇടിച്ചും ജെസിബിയുടെ യന്ത്രക്കൈ ഇടിച്ചും ക്രൂരമായി കൊന്നത്. നെഞ്ചിനും തലയ്ക്കുമേറ്റ പരിക്കാണ് മരണകാരണം. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായി പൊലീസിന് സംശയമുണ്ട്.

സംഭവം അറിഞ്ഞിട്ടും പൊലീസ് എത്താൻ ഒന്നരമണിക്കൂർ വൈകിയെന്ന പരാതിയാണ് നെടുമങ്ങാട് ഡിവൈഎസ്‍പി അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ കൂടതൽ കാര്യങ്ങൾ പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്ന് റൂറൽ എസ്‍പി അറിയിച്ചു. മണ്ണ് മാഫിയ ശൃംഖലയെ കുറിച്ചുള്ള കാര്യങ്ങളും അന്വേഷണപരിധിയിലാണ്.

ഇന്ന് രാവിലെയോടെയാണ് സാജു കട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ചാരുപാറ സ്വദേശിയായ ഇയാളാണ് മണ്ണ് മാഫിയ സംഘത്തിന്റെ തലവൻ എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജെസിബി ഓടിച്ചിരുന്നു എന്ന് കരുതുന്ന വിജിൻ സംഭവ ദിവസം തന്നെ കീഴടങ്ങിയിരുന്നു.

വിശദമായ ഫോറൻസിക് പരിശോധനയിലാണ് ടിപ്പറും ജെസിബിയും സംഗീതിനെ ഇടിച്ചതായി പൊലീസ് സ്ഥിരീകരിച്ചത്. ആദ്യം ടിപ്പർ സംഗീതിനെ തട്ടിയിട്ടു. എഴുന്നേറ്റ് വന്ന് സംഗീത് ജെസിബി തടുത്തതോടെ ജെസിബിയുടെ മണ്ണുവാരുന്ന ഭാഗം കൊണ്ട് വീണ്ടും ഇടിച്ചിട്ടെന്നാണ് കണ്ടെത്തൽ.

വെള്ളിയാഴ്ച പുലർച്ചെയാണ് അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണ് മാഫിയ ജെസിബി ഇടിച്ച് കൊന്നത്. അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് വ്യാപക ആക്ഷേപമുയർന്നിരുന്നു.