LiveTV

Live

Kerala

ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന്, സര്‍ക്കാര്‍ അനുമതി വൈകുന്നത് എന്തെന്ന് ഹൈക്കോടതി

ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ: തീരുമാനം വൈകുന്നതിന്റെ കാരണം അറിയിക്കണമെന്ന് ഹൈക്കോടതി

ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന്, സര്‍ക്കാര്‍ അനുമതി വൈകുന്നത് എന്തെന്ന് ഹൈക്കോടതി

മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷയില്‍ തീരുമാനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ആലുവ മണപ്പുറം പാലം നിര്‍മാണ അഴിമതി കേസിലാണ് അടുത്തമാസം 24ന് മുമ്പ് തീരുമാനം അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പാലാരിവട്ടം പാലം അഴിമതിക്കേസിലും പ്രോസിക്യൂഷന്‍ വൈകുന്നതെന്താണെന്ന് കോടതി ചോദിച്ചു.

ആലുവ മണപ്പുറം പാലം നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ വി.കെ.ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി 2018 സെപ്റ്റംബറിലാണ് പൊതുപ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പള്ളി സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും കൈമാറി. ഈ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

മുന്‍മന്ത്രി ഉള്‍പ്പെട്ട കേസ് ആയതിനാല്‍ അനുമതി അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. ഇതോടെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസിലും സമാനമായ തരത്തില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നത് കോടതി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് മണപ്പുറം പാലം അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന അപേക്ഷയില്‍ 24നു മുമ്പ് തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അപേക്ഷയില്‍ തീരുമാനം വൈകുന്നതിനുള്ള കാരണവും വ്യക്തമാക്കണം. പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയത് വഴി മണപ്പുറം പാലം നിര്‍മാണത്തില്‍ 4.20 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. വി. കെ ഇബ്രാഹിംകുഞ്ഞിന് പുറമേ അന്‍വര്‍ സാദത്ത് എം.എല്‍.എ, ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ എന്നിവരാണ് മറ്റ് പ്രതികള്‍.