LiveTV

Live

Kerala

കൊച്ചിയില്‍ നിരീക്ഷണത്തിലുള്ള രോഗിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം; മലപ്പുറത്തും കോഴിക്കോട്ടും 61 പേര്‍ നീരിക്ഷണത്തില്‍

കൊറോണ വൈറസ് ബാധ തടയാൻ കേരളത്തിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ കേരളത്തിലെത്തിയ കേന്ദ്ര സംഘം പൂർണ തൃപ്തി അറിയിച്ചു.

കൊച്ചിയില്‍ നിരീക്ഷണത്തിലുള്ള രോഗിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം; മലപ്പുറത്തും കോഴിക്കോട്ടും 61 പേര്‍ നീരിക്ഷണത്തില്‍

കൊറോണ വൈറസിനെ പ്രതിരോധിക്കാനാവശ്യമായ നടപടികളെല്ലാം സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. വൈറസിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രത്യേകം പരിശോധിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചൈനയില്‍ നിന്ന് വരുന്നവരെ സ്ക്രീന്‍ ടെസ്റ്റിന് വിധേയമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ കൊറോണ വൈറസ് ബാധ തടയാൻ കേരളത്തിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ കേരളത്തിലെത്തിയ കേന്ദ്ര സംഘം പൂർണ തൃപ്തി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പ്രത്യേക സംഘം പറഞ്ഞു. രാവിലെ കൊച്ചിയിൽ എത്തിയ കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘമാണ് കേരളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്. കൊച്ചി വിമാനത്താവളത്തിലും എറണാകുളം മെഡിക്കൽ കോളേജിലും ഒരുക്കിയ തയ്യാറെടുപ്പുകളിൽ കേന്ദ്ര സംഘം തൃപ്തി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. വിശദമായ റിപ്പോർട്ട് നാളെ കേന്ദ്രത്തിന് സമർപ്പിക്കും.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലാണ്. എട്ടുപേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഏഴ് പേര്‍ ആശുപത്രിയിലാണുള്ളത്. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്നലെ മാത്രം 109 പേരാണ് ചൈനയില്‍ നിന്ന് കേരളത്തിലെത്തിയത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണമില്ലെങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി.

മടങ്ങിയെത്തിയവരില്‍ വൂഹാൻ സർവ്വകലാശാലയിലെ രണ്ട് വിദ്യാർഥികളുമുണ്ട്. ഇന്നലെ രാത്രി 11 മണിക്കാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയച്ചു.

കോഴിക്കോട് ജില്ലയില്‍ 60 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരിലാര്‍ക്കും രോഗ ലക്ഷണമില്ല. ചൈനയില്‍ നിന്ന് വന്നതിനാല്‍ മുന്‍കരുതലായി വീട്ടിലാണ് നിരീക്ഷണത്തിലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കൊച്ചിയില്‍ നിരീക്ഷണത്തിലുള്ള രോഗിക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെരുമ്പാവൂര്‍ സ്വദേശിക്കാണ് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഇനി രണ്ട് പേരുടെ രക്തപരിശോധനാ ഫലം കൂടി വരാനുണ്ട്.

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു.

അതിനിടെ ബംഗളൂരുവിലും കൊറോണ രോഗലക്ഷണങ്ങളോടെ രണ്ട് പേർ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിൾ പരിശോധനക്കായി പൂനെയിലേക്ക് അയച്ചു. ചൈനയിൽ നിന്ന് ഈ മാസം 18ന് ബംഗളൂരുവിൽ എത്തിയവരാണിവര്‍.