LiveTV

Live

Kerala

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിൽ സി.എ.എക്കെതിരായ പരാമർശം; സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഉടന്‍ വിശദീകരണം നല്‍കിയേക്കും

കോടതിയില്‍ ഇരിക്കുന്ന വിഷയം നിയമസഭയില്‍ പറയുന്നത് കോടതിലക്ഷ്യമല്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിൽ സി.എ.എക്കെതിരായ പരാമർശം; സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഉടന്‍ വിശദീകരണം നല്‍കിയേക്കും

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിൽ പൗരത്വനിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഉടന്‍ വിശദീകരണം നല്‍കിയേക്കും. കോടതിയില്‍ ഇരിക്കുന്ന വിഷയം നിയമസഭയില്‍ പറയുന്നത് കോടതിലക്ഷ്യമല്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. നയപ്രഖ്യാപനത്തില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുമില്ല.

ബുധനാഴ്ച അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയത്. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിനെ സംബന്ധിച്ച പരാമര്‍ശം നയപ്രഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നും,സര്‍ക്കാരിന്‍റെ അധികാരപരിധിയില്‍ ഉള്‍പ്പെടാത്ത വിഷയം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതിലുമാണ് ഗവര്‍ണ്ണര്‍ വീശദീകരണം തേടിയത്.

എന്നാല്‍ നയപ്രഖ്യാപനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുന്നത് കോടതിലക്ഷ്യമല്ലെന്ന് 1997 ലെ സ്പീക്കറുടെ റൂളിംങ് ഉള്ളത് കൊണ്ട് ഗവര്‍ണ്ണര്‍ ഉന്നയിക്കുന്ന തടസ്സം നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

പരിഗണനയിലിരിക്കുന്ന കേസ് സംബന്ധിച്ച് ഏതെങ്കിലും നിഗമനങ്ങളിലേക്ക് സഭ കടക്കാത്തത് കൊണ്ട് മറ്റ് തടസ്സങ്ങളില്ലെന്ന മറുപടിയായിരിക്കും സര്‍ക്കാര്‍ നല്‍കുക. സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തില്‍ തൃപ്തിയില്ലെങ്കില്‍ രണ്ട് കാര്യങ്ങളായിരിക്കും ഗവര്‍ണ്ണര്‍ക്ക് ചെയ്യാന്‍ കഴിയുക ഒന്നുകില്‍ പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ വായിക്കാതെ ഒഴിവാക്കുക ഇല്ലെങ്കില്‍ വായിച്ച ശേഷം തന്‍റെ വിയോജിപ്പ് രേഖപ്പെടുത്തുക. എന്തായാലും ബുധനാഴ്ച ഗവര്‍ണ്ണര്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തെ സര്‍ക്കാരും പ്രതിപക്ഷവും ഉറ്റുനോക്കുന്നുണ്ട്.