LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം: സെന്‍കുമാറിനെതിരെ കേസെടുത്തു

സെന്‍കുമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍.

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം: സെന്‍കുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം പ്രസ് ക്ലബിൽ മാധ്യമപ്രവ‍ർത്തകനെ ഭീഷണിപ്പെടുത്തിയ പരാതിയിൽ മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ കേസെടുത്തു. സെൻകുമാറിനെ കൂടാതെ സുഭാഷ് വാസുവിനെതിരെയും കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എഫ്.ഐ.ആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു

വാ‍ർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനെ ഭീഷണിപ്പെടുത്തിയ പരാതിയിലാണ് ടി.പി സെൻകുമാറിനെതിരെ കേസ് എടുത്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ അനുമതിയോടെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് നടപടി. റഷീദിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കണ്ടാലറിയാവുന്ന എട്ട് പേരും കേസിലെ പ്രതികളാണ്.

സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന സെൻകുമാറിന്‍റെ പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പത്രപ്രവ‍ര്‍ത്തക യൂണിയനാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് സെൻകുമാറിന്‍റെ ആരോപണം.

വെള്ളാപ്പള്ളി നടേശനെതിരായ വാർത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ടി.പി സെൻകുമാർ തട്ടിക്കയറുകയായിരുന്നു. കടവിൽ റഷീദിനെ വേദിക്ക് സമീപത്തേക്ക് വിളിച്ച് വരുത്തിയ ടി.പി സെൻകുമാര്‍ ചോദ്യം ചോദിച്ചതിന്‍റെ പേരിൽ വ്യക്തിപരമായി അധിക്ഷേപിച്ചു. ഒപ്പമുണ്ടായിരുന്ന ആളുകൾ കടവിൽ റഷീദിനെ പിടിച്ച് തള്ളാൻ ശ്രമിക്കുകയും ചെയ്തു.