LiveTV

Live

Kerala

നേപ്പാളില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി; കണ്ണീരണിഞ്ഞ് ജന്മനാട്

രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധിപേര്‍ സംസ്കാര ചടങ്ങിനെത്തി

നേപ്പാളില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി; കണ്ണീരണിഞ്ഞ് ജന്മനാട്

നേപ്പാളിൽ മരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്തിനും കുടുംബത്തിനും നാടിന്റെ അന്ത്യാഞ്ജലി. അപകടത്തിൽനിന്ന് രക്ഷപ്പെട്ട മൂത്ത മകൻ മാധവ് അമ്മയുടെയും അച്ഛന്റെയും ചിതയ്ക്ക് തീ കൊളുത്തി.

തന്നെ തനിച്ചാക്കി പോയ അച്ഛനും അമ്മയ്ക്കും അനുജനും മാധവൻ വിട പറഞ്ഞത് കണ്ടു നിന്നവരുടെ കണ്ണ് നനയിച്ചു. കുന്ദമംഗലം സാംസ്കാരിക നിലയത്തിലെ പൊതുദർശനത്തിന് ശേഷം രജ്ഞിത്തിന്റെ തറവാട്ട് വീട്ടിലേക്ക്.

ഒന്നിച്ച് പോയ യാത്ര പോലെ രജ്ഞിത്തിനും ഇന്ദു ലക്ഷ്മിക്കും ഒരു ചിതയിൽ അന്ത്യയാത്ര. ഇന്നലെ വരെ വരുമെന്ന് കരുതിയ അച്ഛന്റെയും അമ്മയുടെയും ചിതയ്ക്ക് മാധവൻ തീ കൊളുത്തി.

അവനോളം ഇഷ്ടമുള്ള അനിയൻ വൈഷ്ണവിന് അന്ത്യചുംബനം നൽകി യാത്രയാക്കി. മൊകവൂരിലും കുന്ദമംഗലത്തും മൂന്ന് പേർക്കും അന്തിമോപചാരമർപ്പിക്കാൻ നാടാകെ ഒന്നിച്ചെത്തി. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിച്ചു

തിരുവനന്തപുരം സ്വദേശി പ്രവീണിനും കുടുംബത്തിനും നാട് യാത്രാമൊഴി നല്‍കി. സ്നേഹ വായ്പ്പുകളുമായി ആയിരങ്ങളാണ് പ്രവീണിന്റെ ചേങ്കോട്ടുകോണത്തെ വസതിയിൽ തടിച്ചുകൂടിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം നിരവധി പ്രമുഖരും അന്തിമോപചാരമർപ്പിക്കാൻ എത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ എട്ടുമണിയോടെയാണ് സ്വദേശമായ ചെങ്കോട്ടുകോണത്ത് എത്തിച്ചത്. പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും, മക്കളായ ശ്രീഭദ്രയുടെയും ആർച്ചയുടെയും അഭിനവിന്റെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചതോടെ നാടൊന്നാകെ വിതുമ്പി.

നാട്ടില്‍ ഏതൊരു ആവശ്യം വന്നാലും മുൻനിരയിലുണ്ടായിരുന്ന പ്രവീണിന്, യാത്രാമൊഴി ചൊല്ലുവാൻ പ്രമുഖരടക്കം നിരവധി പേരാണെത്തിയത്. ഒന്നര മണിക്കൂർ നേരത്തെ പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരെ ഒന്നിച്ചാണ് സംസ്കരിച്ചത്. മക്കളെ സംസ്കരിച്ചതിന് ഇരുവശത്തുമായാണ് പ്രവീണിനും ശരണ്യക്കും ചിതയൊരുക്കിയത്. ശരണ്യയുടെ സഹോദരിയുടെ മകനാണ് അന്ത്യകർമങ്ങൾ നടത്തിയത്.

20ാം തിയതി രാത്രി 9.30നാണ് 15 അംഗ സംഘം ധാമന്‍ എവറസ്റ്റ് പനോരമ റിസോട്ടില്‍ എത്തിയത്. നാല് മുറികള്‍ ബുക്ക് ചെയ്തിരുന്നു. ഇതില്‍ ഒരു മുറിയിലായിരുന്നു തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ്, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍ ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവര്‍ താമസിച്ചിരുന്നത്. രാവിലെ റൂം തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.