LiveTV

Live

Kerala

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും 

അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണെന്നും അതിന്റെ ആഴമെത്രയാണെന്ന് പാര്‍ട്ടിക്ക് അന്വേഷിച്ച് കണ്ടെത്താനായിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി  എം. വി ഗോവിന്ദനും പി.ജയരാജനും 

പന്തീരങ്കാവ് യു.എ.പി.എ കേസിനെ ചൊല്ലി സി.പി.എമ്മില്‍ കടുത്ത ഭിന്നത. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാറായിട്ടില്ലെന്ന കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ തള്ളി. കേരളത്തില്‍ ഭരണം മാത്രമേ പിണറായി വിജയന്റെ കയ്യിൽ ഉള്ളൂവെന്നും ഭരണകൂടം മുഖ്യമന്ത്രിയുടെ കയ്യിൽ അല്ലെന്നുമാണ് എം.വി ഗോവിന്ദന്റെ വിശദീകരണം. പിടിയിലായവര്‍ മാവോയിസ്റ്റുകളാണെന്ന് ആവര്‍ത്തിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും രംഗത്ത് വന്നു.

അലനും താഹയും മാവോയിസ്റ്റുകളാണോ എന്ന് പാര്‍ട്ടി പരിശോധിക്കുന്നതേയുള്ളൂവെന്നും, കുട്ടികളായ അവർക്ക് എന്തെങ്കിലും തെറ്റ് പറ്റിയെങ്കില്‍ തിരുത്തുകയാണ് പാര്‍ട്ടി ചെയ്യേണ്ടതെന്നുമുള്ള കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തിരുത്തുമായി സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. ഇരുവർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് കേന്ദ്ര കമ്മിറ്റി അംഗമായ എം.വി ഗോവിന്ദൻ. ബന്ധത്തിന്റെ ആഴവും പരപ്പും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തലവനായ മുഖ്യമന്ത്രിക്ക്, പൊലീസ് അടക്കമുള്ള ഭരണകൂട സംവിധാനങ്ങളിൽ ഇടപെടുനാള്ള പരിമിതിയുണ്ടെന്നാണ് എം വി ഗോവിന്ദന്റെ വാദം.

അലനും താഹയും മാവോയിസ്റ്റുകളാണെന്ന മുൻ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പി. ജയരാജന്‍ വ്യക്തമാക്കി.സി.പി.എമ്മിനകത്ത് ഇക്കാര്യത്തിൽ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു

കേസില്‍ പി. മോഹനന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടോയെന്ന് മുഖ്യമന്ത്രി വ്യകതമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. പി. മോഹനന്‍ പറഞ്ഞ കാര്യങ്ങള്‍ പിണറായി വിജയന്‍ അംഗീകരിക്കുന്നുണ്ടോയെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയതെന്നും ചെന്നിത്തല ചോദിച്ചു. കേസ് സംബന്ധിച്ച് സി.പി.എം നേതാക്കൾ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നായിരുന്നു കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് പാർട്ടി നിലപാട്. ഡി.ജി.പിയുടെ താളത്തിനൊത്തു തുള്ളുന്ന മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഡി.ജി.പി ഏൽപ്പിക്കണമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; നിലപാടില്‍ ഉറച്ച് പി ജയരാജന്‍
Also Read

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; നിലപാടില്‍ ഉറച്ച് പി ജയരാജന്‍

പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

UAPA കേസിൽപെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികളുടെ വിഷയം കോൺഗ്രസ് നേതാക്കൻമാരുടെ വീട് സന്ദർശനത്തിലൂടെ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കയാണ്. പല മാധ്യമ സുഹൃത്തുക്കളും അഭിപ്രായം ആരാഞ്ഞുകൊണ്ട് സമീപിച്ചതിനാലാണ് വീണ്ടും പ്രതികരിക്കുന്നത്. സിപിഐഎമ്മിനകത്ത് ഇക്കാര്യത്തിൽ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.

UAPA കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും KLF കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു. ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതുപോലെ NIA ഏറ്റെടുത്ത കേസെന്ന നിലയിൽ കൂടുതൽ പറയാൻ പ്രയാസമുണ്ട്. അതേസമയം മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്. പ്രത്യേകമായി ക്യാമ്പസുകൾ.

സിപിഐഎമ്മിന് ഇക്കാര്യത്തിൽ ഒറ്റ നിലപാടാണ്. എന്നാൽ യുഡിഎഫിനോ? UAPA കേസ് ഞങ്ങളിങ്ങേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.ഇതേ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോൾ ആണ് സെൻകുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിൽ UAPA നിയമം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്തത്. മോഡി സർക്കാർ പാർലമെന്റിൽ UAPA നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ ഒരൊറ്റ കോൺഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല. ഇടതുപക്ഷം മാത്രമാണ് എതിർത്തത്. ജനുവരി 26 ന്റെ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയിൽ യുഡിഎഫ് അണികൾ ഉൾപ്പടെ പങ്കെടുക്കും എന്ന് വന്നപ്പോളാണ് ചെന്നിത്തല ഇപ്പോൾ ഒരു നാടകവുമായി ഇറങ്ങിയിരിക്കുന്നത്. അര സംഘിയാണ് ഇദ്ദേഹമെന്നു കോൺഗ്രസ്സുകാർക്ക് തന്നെ ആക്ഷേപമുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം.

UAPA കേസിൽപെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികളുടെ വിഷയം കോൺഗ്രസ് നേതാക്കൻമാരുടെ വീട് സന്ദർശനത്തിലൂടെ വീണ്ടും...

Posted by P Jayarajan on Thursday, January 23, 2020