LiveTV

Live

Kerala

ഹൈക്കമാന്റ് ഒരു പദവിയെന്ന മാനദണ്ഡത്തിൽ ഉറച്ചു നിന്നാൽ 5 പേർ പുറത്താകും

ഇരട്ടപ്പദവി അംഗീകരിക്കാനാകില്ല എന്ന കടുത്ത നിലപാടിലാണ് ഹൈക്കമാന്റ്

ഹൈക്കമാന്റ് ഒരു പദവിയെന്ന മാനദണ്ഡത്തിൽ ഉറച്ചു നിന്നാൽ  5 പേർ പുറത്താകും

ഹൈക്കമാന്റ് ഒരു പദവിയെന്ന മാനദണ്ഡത്തിൽ ഉറച്ചു നിന്നാൽ കെ.പി.സി.സി ഭാരവാഹി പട്ടികയിൽ നിന്നും പുറത്ത് പോവുക 5 പേർ. വർക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും കാര്യത്തിൽ ഹൈക്കമാന്റ് തീരുമാനമെടുക്കും.

വർക്കിങ് പ്രസിഡന്റ് പദത്തിൽ എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, വി.ഡി സതീശൻ എംഎൽഎ. വൈസ് പ്രസിഡന്റുമാരിൽ ടി.എൻ പ്രതാപൻ എം.പി, എം.എൽ.എമാരായ എ.പി അനിൽകുമാർ, അടൂർ പ്രകാശ്, വി.എസ് ശിവകുമാർ എന്നിങ്ങനെ ഏഴ് ജനപ്രതിനിധികളാണ് പ്രധാനഭാരവാഹി പട്ടികയിലുള്ളത്.

ഇതിൽ ടി.എൻ പ്രതാപൻ, വി.ഡി സതീശൻ, എ.പി അനിൽകുമാർ എന്നിവർ ഇരട്ടപ്പദവി വഹിക്കാൻ ഇല്ലെന്ന് കാണിച്ച് ഹൈക്കമാൻഡിന് കത്ത് നൽകിയിട്ടുണ്ട്. ഇരട്ടപ്പദവി അംഗീകരിക്കാനാകില്ല എന്ന കടുത്ത നിലപാടിലാണ് ഹൈക്കമാന്റ്. പിന്തുണയുമായി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൂടിയെത്തിയതോടെ കാര്യങ്ങൾ സങ്കീർണമാണ്.

എം.പി ആയിരിക്കെ വർക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷിന്റെയും കെ.സുധാകരന്റയും കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക ഹൈക്കമാന്റ്. ഹൈക്കമാന്റ് ഉറച്ചുനിന്നാൽ ഇരുവർക്കും പദവി നഷ്ടമാകും.

ഇതിനിടെ വർക്കിംഗ് പ്രസിഡന്റ് പദവി ലഭിക്കുമെന്ന് പ്രതീക്ഷിച്ച ടി.സിദ്ദിഖിനെയും പി.സി വിഷ്ണുനാഥിനെയും ഒടുവിൽ വൈസ് പ്രസിഡണ്ട് പട്ടികയിലേക്ക് താഴ്ത്തി എന്നാണ് വിവരം. വനിത പ്രാതിനിധ്യം ഉറപ്പിക്കാൻ ജനറൽ സെക്രട്ടറി പട്ടികയിൽ ആയിരുന്ന പദ്മജ വേണുഗോപാലിനെ കെ.സി റോസക്കുട്ടിക്ക് ഒപ്പം വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയർത്തി.

സെക്രട്ടറിമാരുടെ കാര്യത്തിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കി എണ്ണം വർദ്ധിപ്പിക്കുന്നതിൽ ഹൈക്കമാന്റിനും മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂല നിലപാടാണ്. ഇത് പാർട്ടിക്ക് പുതിയ മുഖം കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ.

സെക്രട്ടറിമാരെ തത്ക്കാലം ഒഴിവാക്കി ഭാഗികമായി പട്ടിക ഉടൻ പ്രഖ്യാപിക്കാനാണ് നീക്കം. അതേസമയം ഹൈക്കമാന്റ് നിലപാട് വരാനിരിക്കുന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ ആശങ്കയിലാണ് ഗ്രൂപ്പുകൾ. നിലവിൽ നേതൃത്വത്തിന്റെ പരിഗണനയിലുള്ളത് എം.എൽ.എമാരായ ഷാഫി പറമ്പിലും ശബരിനാഥുമാണ്.