LiveTV

Live

Kerala

പന്തീരങ്കാവ് യു.എ.പി.എ കേസ്; മുഖ്യമന്ത്രിയെ തള്ളി സി.പി.എം കോഴിക്കോട് ജില്ലാ ഘടകം; വിവാദമായതോടെ മാധ്യമ വ്യാഖ്യാനമെന്ന് വിശദീകരണം

മുഖ്യമന്ത്രി പോലീസ് ഭാഷ്യമാണ് പറയുന്നതെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍

പന്തീരങ്കാവ് യു.എ.പി.എ കേസ്; മുഖ്യമന്ത്രിയെ തള്ളി സി.പി.എം കോഴിക്കോട് ജില്ലാ ഘടകം; വിവാദമായതോടെ മാധ്യമ വ്യാഖ്യാനമെന്ന് വിശദീകരണം

പന്തീരങ്കാവ് യു.എ.പി.എ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലീസ് ഭാഷ്യമാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അലനും താഹയും ഇപ്പോഴും സി.പി.എം അംഗങ്ങളാണെന്നും പി മോഹനൻ പറഞ്ഞു. പരാമര്‍ശങ്ങള്‍ വിവാദമായതോടെ മുഖ്യമന്ത്രിയെ കുറിച്ച് താന്‍ പറഞ്ഞതായി വന്ന വാര്‍ത്തകള്‍ മാധ്യമ വ്യാഖ്യാനമാണെന്ന വിശദീകരണവുമായി പി മോഹനന്‍ രംഗത്തെത്തി.

അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെയാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ഇരുവരും സി.പി.എം പ്രവർത്തകരാണ്, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇരുവരുടെയും ഭാഗം കേൾക്കാനുള്ള അവസരം സി.പി.എമ്മിന് ലഭിച്ചിട്ടില്ല. തെറ്റു ചെയ്തിട്ടുണ്ടങ്കില്‍ ഇരുവരെയും തിരുത്തണമെന്നതാണ് സി.പി.എം നിലപാടെന്നും പി മോഹനൻ പറഞ്ഞു.

അലനെതിരെയുള്ള പി ജയരാജന്റെ പരാമർശത്തെ പറ്റി അറിയില്ലെന്നും പി മോഹനന്‍ പറഞ്ഞു. അലന്റെയും താഹയുടെയും രക്ഷിതാക്കളുടെ ആശങ്ക സ്വാഭാവികമാണ്, പാർട്ടി അത് പരിഹരിക്കും. യു.എ.പി.എ പാസാക്കിയതിലുള്ള പാപക്കറ കഴുകാനുള്ള ശ്രമത്തിലാണ് രമേശ് ചെന്നിത്തലയെന്നും പി മോഹനൻ കുറ്റപ്പെടുത്തി.