LiveTV

Live

Kerala

സര്‍ക്കാറുമായി ഏറ്റുമുട്ടലല്ല, നിര്‍വഹിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വം; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ 

സംസ്ഥാനത്തിന്റെ നയപ്രഖ്യാപന പ്രസംഗം കണ്ടിട്ടില്ല. അതില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പാലക്കാട് പറഞ്ഞു.

സര്‍ക്കാറുമായി ഏറ്റുമുട്ടലല്ല, നിര്‍വഹിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വം; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ 

സര്‍ക്കാരുമായുള്ള തര്‍ക്കത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാറുമായി നടക്കുന്നത് ഏറ്റുമുട്ടലല്ല, നിയമങ്ങള്‍ സംരക്ഷിക്കണമെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് താന്‍ നിര്‍വഹിക്കുന്നത്, സംസ്ഥാനത്തിന്റെ നയപ്രഖ്യാപന പ്രസംഗം കണ്ടിട്ടില്ല, അതില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പാലക്കാട് പറഞ്ഞു.

അതേസമയം സ്പീക്കറുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടം ലംഘിച്ചത് ഗവര്‍ണറാണെന്നായിരുന്നു സ്പീക്കറുടെ വിമര്‍ശനം. എന്നാല്‍ നിലപാട് മാറ്റിയില്ലെങ്കിൽ ഗവർണറെ നേർവഴിക്ക് നടത്തുമെന്നാണ് സി.പി.എം കേന്ദ്ര കമ്മറ്റിയംഗം എം.വി ഗോവിന്ദൻ പറഞ്ഞത്. ഗവർണർ ചട്ടലംഘനം നടത്തുന്നുവെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനും കുറ്റപ്പെടുത്തിയിരുന്നു.

എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ മാർച്ചിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എം.വി ഗോവിന്ദന്‍ രൂക്ഷവിമർശനം നടത്തിയത്. നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവർണർക്ക് വ്യത്യസ്ഥ അഭിപ്രായമുണ്ടെങ്കിൽ എഴുതി അറിയിക്കേണ്ടത് സ്പീക്കറെയായിരുന്നുവെന്നാണ് പി.ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്.