LiveTV

Live

Kerala

ഭരണഘടന തകര്‍ക്കാനുള്ള ബി.ജെ.പി നീക്കങ്ങളുടെ തുടക്കമാണ് പൗരത്വ നിയമമെന്ന് എ.കെ ആന്‍റണി 

വിദ്യാര്‍ഥികളാണ് ഇതിനെതിരെ സമരം നയിക്കുന്നത്, പൗരത്വ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് എന്തു ചെയ്യണമെന്ന് സി.പി.എം തീരുമാനിക്കേണ്ട 

ഭരണഘടന തകര്‍ക്കാനുള്ള ബി.ജെ.പി നീക്കങ്ങളുടെ തുടക്കമാണ് പൗരത്വ നിയമമെന്ന് എ.കെ ആന്‍റണി 

രാജ്യത്തിന് കോണ്‍ഗ്രസ് ഉണ്ടാക്കി നല്‍കിയ ഭരണഘടന തകര്‍ക്കാനുള്ള ബി.ജെ.പി നീക്കങ്ങളുടെ തുടക്കമാണ് പൗരത്വ നിയമമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വിദ്യാര്‍ഥികളാണ് ഇതിനെതിരെ സമരം നയിക്കുന്നത്, പൗരത്വ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് എന്തു ചെയ്യണമെന്ന് സി.പി.എം തീരുമാനിക്കേണ്ട, കല്‍ക്കട്ടാ പ്രമേയത്തിലൂടെ ഇതേ ഭരണഘടനയെ ഒരു കാലത്ത് തള്ളിപ്പറഞ്ഞവരായിരുന്നു സി.പി.എം എന്നും ആന്റണി മീഡിയാവണിനോട് പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ ദേശീയതലത്തില്‍ ശക്തിപ്പെടുന്ന സമരമുഖത്ത് കോണ്‍ഗ്രസിന്റെ സജീവ സാന്നിധ്യം എന്തുകൊണ്ടില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണി.

ഇത് രാഷ്ട്രീയത്തിനതീതമായ സമരമാണെന്നും അതില്‍ മുഖ്യപങ്ക് വഹിക്കുന്നത് വിദ്യാര്‍ഥികളാണെന്നും ആന്റണി ചൂണ്ടിക്കാട്ടി. സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരത്തിന്റെ മുന്നില്‍ നില്‍ക്കേണ്ട കാര്യമില്ല. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിനെ ഈ സമരത്തിന്റെ മറവില്‍ താറടിക്കാനുള്ള സി.പി.എം അടക്കമുള്ളവരുടെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തി.

രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ഉള്‍കൊളളുന്നതാണ് കോണ്‍ഗ്രസ് ശൈലി, എന്നാല്‍ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ആര്‍.എസ്.എസ് നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് തുല്യമാണ് കോണ്‍ഗ്രസിന്റെ മേല്‍ മൃദുഹിന്ദുത്വം അടിച്ചേല്‍പ്പിക്കുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തി.