LiveTV

Live

Kerala

പശുക്കളിലും എരുമകളിലും ലംപി ത്വക്ക് രോഗം വ്യാപകമാവുന്നു

ബ്രഹ്മമംഗലം, ഏനാദി എന്നിവടങ്ങളിലും തലയോലപറമ്പ് പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് പശുക്കളിൽ രോഗം കണ്ടത്

പശുക്കളിലും എരുമകളിലും ലംപി ത്വക്ക് രോഗം വ്യാപകമാവുന്നു

പശുക്കളിലും എരുമകളിലും വൈറസ് ഉണ്ടാക്കുന്ന ലംപി ത്വക്ക് രോഗം കോട്ടയം വൈക്കത്ത് വ്യാപകമാവുന്നു. ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം, ഏനാദി എന്നിവടങ്ങളിലും തലയോലപറമ്പ് പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് പശുക്കളിൽ രോഗം കണ്ടത്.

വൈക്കം ബ്രഹ്മമംഗലത്തെ പശുക്കളിലാണ് രോഗം വ്യാപകമാവുന്നത്. കേരളത്തിൽ രണ്ട് ജില്ലകളിൽ രോഗം സ്ഥിരികരിച്ചതോടെ മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാൽ രോഗത്തെപ്പറ്റിയുള്ള കർഷകരുടെ അജ്ഞതയാണ് ഇവിടെ രോഗവ്യാപനത്തിന് ഇടയാക്കിയത്. ഏനാദി ശാന്തസദനത്തിൽ ഗോപാലകൃഷ്ണന്റെ 5പശുക്കളിൽ 2 എണ്ണത്തിനാണ് 4 ദിവസം മുമ്പ് രോഗബാധ ഉണ്ടായത്. ഒരെണ്ണം വീണുപോകുകയും ചെയ്തതോടെയാണ് രോഗബാധ കണ്ടെത്തിയത്.

ആൻറിബയോട്ടിക് മരുന്നു നൽകിയതോടെ മുഴകൾ കുറഞ്ഞെങ്കിലും ആരോഗ്യം നശിച്ച പശുവിന് 8 ലിറ്റർ പാലാണ് കുറഞ്ഞത്. സണ്ണിമരുതൂർ എന്നയാളുടെ പശുവിനും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു മാസമായി സമാന ലക്ഷണ കണ്ട പല കർഷകരും പശുവിന് ചികിത്സ തേടാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ രണ്ട് ജില്ലകളിൽ മാത്രം സ്ഥിരികരിച്ച രോഗം കോട്ടയം ജില്ലയിൽ സ്ഥിരീകരിക്കാൻ മൃഗസംരക്ഷണ വകുപ്പും ഇതുവരെ തയ്യാറായിട്ടില്ല. സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് റിസൾട്ട് വന്നാൽ മാത്രമെ സ്ഥിരികരിക്കാനാവൂ എന്നാണ് വിശദീകരണം.

രോഗ ബാധയുള്ള പ്രദേശത്തിന് 12 കിലോമീറ്റർ മാറി കാട്ടിക്കുന്നിലാണ് പഞ്ചായത്തിലെ മൃഗാശുപത്രിയുള്ളത് എന്നതും സ്ഥിതി രൂക്ഷമാക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. മനുഷ്യരിലേക്ക് പകരില്ലെന്നും പശുകളുടെ ശരീരത്തിലെ കീടങ്ങളെ ഒഴിവാക്കി തൊഴുത്തുകളിൽ അണുനാശിനി വഴി ശുചിത്വം പാലിക്കാനുമാണ് രോഗം പടരാതിരിക്കാൻ മൃഗസംരക്ഷണവകുപ്പ് നിലവിൽ നൽകുന്ന നിർദ്ദേശം.