വ്യവസായ വകുപ്പിന് കീഴിലുള്ള ഇന്‍കെലിനെതിരെ ഗുരുതര ആക്ഷേപവുമായി കിഫ്ബി
ഇന്‍കെലിന്റെ ഗുരുതര വീഴ്ചകള്‍ കാരണം ടൂറിസം പദ്ധതികളില്‍ നിന്ന് ഇന്‍കെലിനെ ഒഴിവാക്കി

വ്യവസായ വകുപ്പിന് കീഴിലുള്ള ഇന്‍കെലിനെതിരെ ഗുരുതര ആക്ഷേപവുമായി കിഫ്ബി. ഇന്‍കെലിന് ഒരുവര്‍ഷത്തേക്ക് നിര്‍മാണ പദ്ധതികള്‍ നല്‍കരുതെന്ന് കിഫ്ബി സര്‍ക്കാരിന് കത്ത് നല്കി. ഇന്‍കെലിന്റെ ഗുരുതര വീഴ്ചകള്‍ കാരണം ടൂറിസം പദ്ധതികളില്‍ നിന്ന് ഇന്‍കെലിനെ ഒഴിവാക്കി.

ഏറ്റെടുത്തിരുന്ന വന്‍കിട പദ്ധതികളില്‍ മിക്കതും അവതാളത്തിലായതോടെയാണ് കിഫ്ബി ഇന്‍കെലിനെതിരെ തിരിഞ്ഞത്. 1073 കോടിയുടെ കൊച്ചി കാന്‍സര്‍ സെന്റര്‍ കാല്‍ശതമാനം പോലും പൂര്‍ത്തിയായില്ല. നിര്‍മാണത്തിനിടെ തകര്‍ന്നുവീണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റതിന് പിന്നാലെ കിഫ്ബി പരിശോധന നടത്തി. പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ ഇന്‍കെല്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്നാണ് കിഫ്ബി സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.
കൊച്ചി കാന്‍സര്‍ സെന്റര്‍ റീ ടെന്‍ഡര്‍ ചെയ്യാനാണ് തീരുമാനം. കിഫ്ബിയുടെ വിദഗ്ധര്‍ നേരിട്ട് പദ്ധതി മേല്‍നോട്ടം നിര്‍വഹിക്കാനും തീരുമാനമായി. ഇതിന് തുടര്‍ച്ചയെന്നോണമാണ് 234 കോടിയുടെ മുഴപ്പിലങ്ങാട്, ധര്‍മ്മശാല ബീച്ചുകളിലെ പദ്ധതികളില്‍ നിന്ന് ഇന്‍കെലിനെ ഒഴിവാക്കണമെന്ന് ടൂറിസം ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്‍കെല്‍ പദ്ധതികളില്‍ അപ്പാടെ ക്രമക്കേടുകളാണെന്ന പരാതി ഉള്‍ക്കൊണ്ട സര്‍ക്കാര്‍ ഇന്‍കെലിന് പകരം കെ.ഐ.ഐ.ഡി.സിയെ പദ്ധതി ഏല്പിച്ചുകൊണ്ട് ഉത്തരവിറക്കി.