LiveTV

Live

Kerala

കെ.പി.സി.സി.ക്ക് ഇത്തവണയും ജംബോ ഭാരവാഹി പട്ടിക; ടി.സിദ്ദിഖ് ഉൾപ്പെടെ ആറു വര്‍ക്കിങ് പ്രസിഡന്റുമാർ 

അവസാന നിമിഷം എ ഗ്രൂപ്പ് സമ്മർദ്ദത്തിന് വഴങ്ങി ടി സിദ്ദിഖിനെ കൂടി വർക്കിങ് പ്രസിഡന്റാക്കി. 127 ഭാരവാഹികളുള്ള പട്ടിക കേരള നേതാക്കള്‍ ഹൈക്കമാന്‍റിന് കൈമാറി.

കെ.പി.സി.സി.ക്ക് ഇത്തവണയും ജംബോ ഭാരവാഹി പട്ടിക; ടി.സിദ്ദിഖ് ഉൾപ്പെടെ ആറു വര്‍ക്കിങ് പ്രസിഡന്റുമാർ 

കെ.പി.സി.സിക്ക് ഇത്തവണയും ജംബോ ഭാരവാഹി പട്ടിക. ആറു വർക്കിങ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരും പട്ടികയിൽ ഇടംപിടിച്ചു. അവസാന നിമിഷം എ ഗ്രൂപ്പ് സമ്മർദ്ദത്തിന് വഴങ്ങി ടി സിദ്ദിഖിനെ കൂടി വർക്കിങ് പ്രസിഡന്റാക്കി. 127 ഭാരവാഹികളുള്ള പട്ടിക കേരള നേതാക്കള്‍ ഹൈക്കമാന്‍റിന് കൈമാറി.

ഒരാഴ്ചയിലധികം നീണ്ട ചർച്ചകൾക്കൊടുവിലാണ് നേതൃത്വം അന്തിമ ധാരണയിൽ എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാലുമായും മുകുൾ വാസ്നിക്കുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. 127 ഭാരവാഹികളുടെ പട്ടികയാണ് തയ്യാറായിട്ടുള്ളത്.

പുതിയ വർക്കിങ് പ്രസിഡന്റുമാരായി വി.ഡി സതീശൻ, കെ.വി തോമസ്, പി.സി വിഷ്ണുനാഥ്, ടി സിദ്ദീഖ് എന്നിവർ കൂടി എത്തും. അവസാന ഘട്ടത്തിൽ നടന്ന ഗ്രൂപ്പ് വടം വലിക്ക് ശേഷമാണ് സിദ്ദിഖ് പട്ടികയിൽ എത്തിയത്. മുസ്ലിം പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് സിദ്ദിഖിനെ വർക്കിങ് പ്രസിഡന്റ് ആയി നിയമിക്കണമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ നിലപാട്. സി.പി മുഹമ്മദിനെ ഐ ഗ്രൂപ്പും മുല്ലപ്പള്ളി രാമചന്ദ്രനും നിർദേശിച്ചെങ്കിലും തള്ളി.

വൈസ് പ്രസിഡന്റുമാരായി വി.എസ് ശിവകുമാർ, ടിഎ.ൻ പ്രതാപൻ, ജോസഫ് വാഴക്കൻ , കെ.പി ധനപാലൻ, കെ.സി റോസക്കുട്ടി അടക്കം 13 പേരാണ് പട്ടികയിൽ ഉള്ളത്. പത്മജ വേണുഗോപാൽ, എ.എ ഷുക്കൂർ അടക്കം 36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും ഉണ്ടാകും. നേതൃത്വം പട്ടിക ഹൈക്കമാന്റിന് കൈമാറിയിട്ടുണ്ട്.