LiveTV

Live

Kerala

പ്രതിഷേധം ശക്തം; പള്ളികള്‍ ഏറ്റെടുക്കാനാവാതെ അധികൃതര്‍

പള്ളി സംരക്ഷിക്കാന്‍ രൂപം നല്‍കിയ മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധം ശക്തം; പള്ളികള്‍ ഏറ്റെടുക്കാനാവാതെ അധികൃതര്‍

മലങ്കരസഭ പള്ളിതര്‍ക്കം രൂക്ഷമായ കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയും പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളിയും ഏറ്റെടുക്കാനുള്ള അധികൃതരുടെ ശ്രമം പരാജയപ്പെട്ടു. കോടതി വിധികളെ തുടര്‍ന്ന് പള്ളികളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആര്‍ഡിഒയും പൊലീസും എത്തിയെങ്കിലും വിശ്വാസികളുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു. പള്ളികള്‍ ഏറ്റെടുക്കാനുള്ള ശ്രമം ഇന്നും തുടര്‍ന്നേക്കും.

പെരുമ്പാവൂര്‍ ഓടക്കാലി പള്ളി ഏറ്റെടുക്കാന്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. വിശ്വാസികള്‍ തടഞ്ഞതിനെ തുടർന്ന് പള്ളിയുടെ പ്രധാന ഗേറ്റ് തകർത്താണ് പൊലീസ് പള്ളി അങ്കണത്തിൽ പ്രവേശിച്ചത്. ഇത് നേരിയ സംഘർഷത്തിനും കാരണമാക്കിയിരുന്നു.

പിന്നീട് പള്ളി അകത്ത് നിന്ന് പൂട്ടി പ്രാര്‍ത്ഥനയുമായി യാക്കോബായ സഭ വിശ്വാസികള്‍ പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചു. സന്ധ്യയോടെ പൊലീസ് നടപടിയുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പള്ളിക്ക് മുന്നിലേക്ക് എത്തുകയും പൊലീസ് വലയം ഭേദിച്ച് പള്ളി അങ്കണത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഇതോടെ ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് പൊലീസ് പിന്‍മാറാന്‍ തീരുമാനിച്ചു.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കോതമംഗലം മാർത്തോമ ചെറിയ പള്ളി ഏറ്റെടുക്കാനെത്തിയ ആർ.ഡി.ഒക്കും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പള്ളി അങ്കണത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. പള്ളി സംരക്ഷിക്കാന്‍ രൂപം നല്‍കിയ മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇരുപത്തിമൂന്നാം തിയതിക്കുള്ളില്‍ കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കണമെന്നാണ് ജില്ലാകളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്