LiveTV

Live

Kerala

പ്രതിഷേധങ്ങള്‍ അതിര് കടക്കരുത്; രാഷ്ട്രീയ പ്രതിനിധികളുമായി മലപ്പുറം കലക്ടര്‍ ചര്‍ച്ച നടത്തി

വിമാനത്താവളങ്ങൾ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലുള്ള പ്രതിഷേധ പരിപാടികൾ ഒഴിവാക്കണം

പ്രതിഷേധങ്ങള്‍ അതിര് കടക്കരുത്; രാഷ്ട്രീയ പ്രതിനിധികളുമായി മലപ്പുറം കലക്ടര്‍ ചര്‍ച്ച നടത്തി

മലപ്പുറത്ത് പൗരത്വ നിയമഭേദഗതി വിഷയത്തിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾ തണുപ്പിക്കാൻ ജില്ലാ ഭരണകൂടം. പ്രതിഷേധങ്ങള്‍ അതിരു കടക്കരുതെന്നും പൊതുനിരത്തുകളിൽ സമരങ്ങൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് കളക്ടർ നിലപാട് വ്യക്തമാക്കിയത്.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് കലക്ടറുടെ നിർദേശം. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങൾ അതിരു കടക്കരുതെന്നും പൊതുനിരത്തുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തരുതെന്നും കളക്ടർ ആവശ്യപ്പെട്ടു.

വിമാനത്താവളങ്ങൾ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലുള്ള പ്രതിഷേധ പരിപാടികൾ ഒഴിവാക്കണം. ജനാധിപത്യ മാർഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ലെന്നും കർശന നിബന്ധനകൾ പാലിച്ച് മാത്രമേ പ്രതിഷേധ പരിപാടികൾക്ക് അനുമതി നൽകാവൂ എന്ന് പോലീസിന് നിർദ്ദേശം നൽകിയതായും കളക്ടർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പ്രചരണം നടത്തുന്നവർക്കെതിരെ ഐടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ താലൂക്ക് അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും യോഗം വിളിക്കും. പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബസ് ഓപ്പറേറ്റേഴ്സ് സംഘടനാ ഭാരവാഹികൾ, വ്യാപാര സംഘടന പ്രതിനിധികൾ തുടങ്ങിയവരെയും വിഷയം ധരിപ്പിക്കും. മഹല്ലുകൾ കേന്ദ്രീകരിച്ച് ഭാരവാഹികളെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും കളക്ടർവ്യക്തമാക്കി.