LiveTV

Live

Kerala

ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു: ക്വാറി ഉടമയുടെ പരാതിയില്‍ കെ.എസ്‍.യു നേതാവിന് സസ്‍പെന്‍ഷന്‍

പൌരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനായി അമ്പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് യദുകൃഷ്ണനെതിരായ പരാതി

ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു: ക്വാറി ഉടമയുടെ പരാതിയില്‍ കെ.എസ്‍.യു നേതാവിന് സസ്‍പെന്‍ഷന്‍

കരിങ്കല്‍ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന പരാതിയില്‍ കെ.എസ്‍.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി യദുകൃഷ്ണന് സസ്‍പെന്‍ഷന്‍. പൌരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനായി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി കൊല്ലം പട്ടാഴി സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് പ്രതിപക്ഷ നേതാവിനടക്കം പരാതി നല്‍കിയത്. എന്നാല്‍ ക്വാറിയുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമരം ചെയ്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് യദുകൃഷ്ണന്‍ പറഞ്ഞു.

പൌരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രതിപക്ഷനേതാവിന്റെ സമരത്തിന് യദുകൃഷ്ണന്‍ പണം ആവശ്യപ്പെട്ടെന്നാണ് ക്വാറി ഉടമയുടെ പരാതി. ഇത് നല്‍കാനാവില്ല എന്നറിയിച്ചതോടെ നിരന്തരം ഭീഷണിപ്പെടുത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തെന്നും ക്വാറി ഉടമ കൃഷ്ണമൂര്‍ത്തി ആരോപിച്ചു.

മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എന്‍എസ്‍യു നേതൃത്വത്തിനും പരാതി നല്‍കി. പിന്നാലെയാണ് അന്വേഷണവിധേയമായ യദുകൃഷ്ണനെ കെഎസ്‍യുവില്‍ നിന്നും പുറത്താക്കിയത്. ക്വാറിയുടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമരം ചെയ്തതിലുള്ള വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്ന് യദുകൃഷ്ണന്‍ പ്രതികരിച്ചു.

യദുകൃഷ്ണനെതിരായ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍എസ്‍യു നേതൃത്വവും ആവശ്യപ്പെട്ടു. ഇതിനുശേഷമാകും തുടര്‍നടപടികള്‍.