LiveTV

Live

Kerala

പൌരത്വ വിഷയം: ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കിയേക്കും

പൌരത്വ വിഷയത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയിലായി സര്‍ക്കാര്‍.

പൌരത്വ വിഷയം: ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കിയേക്കും

പൌരത്വ വിഷയത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും നിലപാട് കടുപ്പിച്ചതോടെ പ്രതിസന്ധിയിലായി സര്‍ക്കാര്‍. വാക്കാലുള്ള വിശദീകരണം തള്ളിയ സാഹചര്യത്തില്‍ രേഖാമൂലം വിശദീകരണം നല്‍കണമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. നിയമസഭയിലെ ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗവും ഇതോടെ നിര്‍ണ്ണായകമാകും.

ഗവര്‍ണറുമായി തുറന്ന ഏറ്റുമുട്ടലിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് വാക്കാല്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ നിയമവിരുദ്ധപ്രവര്‍ത്തനം നടത്തിയ സര്‍ക്കാരിന്റെ ഒരു വിശദീകരണവും തന്നെ തൃപ്തിപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ എത്തിയത്. വാക്കാലുള്ള വിശദീകരണം തള്ളിയത് കൊണ്ട് സര്‍ക്കാരിന്റെ നിലപാട് അറിയിച്ച് രേഖാമൂലം കാര്യങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്.

സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിക്കാതെ പ്രശ്നം തീരില്ലെന്ന പരോക്ഷ സൂചന നല്‍കിയത് വഴി താന്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു ഗവര്‍ണര്‍. ഭരണഘടനാ തലവനായ ഗവര്‍ണര്‍ എതിര്‍ത്തെങ്കിലും പൌരത്വ വിഷയത്തിലെ സുപ്രീംകോടതിയിലെ ഹര്‍ജി ഇത് ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

അതേസമയം ഈ മാസം 30 ന് ചേരുന്ന നിയമസഭ സമ്മേളനം സര്‍ക്കാരിനെ സംബന്ധിച്ച് അഗ്നി പരീക്ഷയാണ്. നയപ്രഖ്യാപനത്തില്‍ പൌരത്വ നിയമവും, എന്‍പിആറും നടപ്പാക്കില്ലെന്ന് സര്‍ക്കാരിന് വ്യക്തമാക്കേണ്ടി വരും. എന്നാല്‍ ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണര്‍ അത് വായിക്കുമോ എന്നതും പ്രശ്നമാണ്. മാത്രമല്ല വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഗവര്‍ണ്ണര്‍ നിയമസഭ പാസ്സാക്കുന്ന ബില്ലിലും എന്തെങ്കിലും എതിര്‍പ്പുകള്‍ പറയുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.