LiveTV

Live

Kerala

പൗരത്വ നിയമ വിശദീകരണം: ബി.ജെ.പി നേതാക്കള്‍ക്ക് മുന്നില്‍ ലഘുലേഖ കീറിയെറിഞ്ഞ് വിദ്യാര്‍ഥി പ്രതിഷേധം

പൗരത്വ നിയമ വിശദീകരണം: ബി.ജെ.പി നേതാക്കള്‍ക്ക് മുന്നില്‍ ലഘുലേഖ  കീറിയെറിഞ്ഞ് വിദ്യാര്‍ഥി പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിക്കുന്ന ലഘുലേഖ ബി.ജെ.പി നേതാക്കളുടെ മുന്നില്‍ വെച്ച് കീറിയെറിഞ്ഞ് വിദ്യാര്‍ഥികള്‍. കണ്ണൂര്‍ ജില്ലയിലെ മയ്യിലിലാണ് വിദ്യാര്‍ഥികള്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. വിദ്യാര്‍ഥികള്‍ ബി.ജെ.പി നേതാവിനെതിരെ പ്രതികരിക്കുന്നതും ലഘുലേഖ കീറിയെറിയുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

ബി.ജെ.പി മുന്‍ സംസ്ഥാന സമിതിയംഗം ബേബി സുനാഗര്‍ നാരായണന്‍, മയ്യില്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രാജന്‍ കടൂര്‍ തുടങ്ങിയവരാണ് കണ്ണൂര്‍ മയ്യില്‍ പ്രദേശത്ത് ലഘുലേഖകളുമായി വിശദീകരണത്തിന് വന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിശദീകരണത്തിന് മുതിര്‍ന്ന ബി.ജെ.പി നേതാവിന് മുന്നില്‍ വെച്ചാണ് പ്രതിഷേധ രൂപത്തില്‍ ലഘുലേഖ കീറിയെറിഞ്ഞത്. പെട്ടെന്നുള്ള വിദ്യാര്‍ഥി പ്രതിഷേധം നേരിട്ട ബി.ജെ.പി നേതാക്കള്‍ ദേഷ്യപ്പെടുകയും മകന്റെ പ്രായത്തിലുള്ളതിനാലാണ് സംയമനം പാലിക്കുന്നതെന്നും ഭീഷണപ്പെടുത്തുകയും ചെയ്തു. അതെ സമയം വിദ്യാര്‍ഥികള്‍ അതിരൂക്ഷമായി തന്നെയാണ് ബി.ജെ.പി നേതാക്കളെ നേരിട്ടത്. ഇനിയും ഇത്തരത്തില്‍ വിശദീകരണ ലഘുലേഖകളുമായി സമീപിച്ചാല്‍ കീറിയെറിയുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്നും ബി.ജെ.പിക്കാരനും ആര്‍എസ്എസുകാരനും തങ്ങളെ സഹിഷ്ണുത പഠിപ്പിക്കേണ്ടെന്നു വിദ്യാര്‍ഥികള്‍ മറുപടി നല്‍കി.

ഇതിനിടയില്‍ തങ്ങള്‍ക്കെതിരെ വന്ന വിദ്യാര്‍ഥിക്കെതിരെ ബി.ജെ.പി നേതാവ് പിന്നീട് ആക്ഷേപവുമായി ഫേസ്ബുക്കില്‍ രംഗത്തെത്തി. ഐസിസ് സ്വഭാവമാണ് വിദ്യാര്‍ഥി കാണിച്ചതെന്നാണ് ബി.ജെ.പി നേതാവ് ബേബി സുനാഗര്‍ നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.