LiveTV

Live

Kerala

സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്നും പുറത്താക്കി

ടിപി സെന്‍കുമാര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന സാമ്പത്തിക ആരോപണങ്ങള്‍ ഡിജിപി ആയിരുന്ന കാലത്ത് അന്വേഷിക്കാഞ്ഞത് എന്തുകൊണ്ടാണെന്നും തുഷാര്‍ ചോദിച്ചു

സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്നും  പുറത്താക്കി

വിമത നീക്കവുമായി നേതൃത്വത്തെ വെല്ലുവിളിച്ച സുഭാഷ് വാസുവിനെ ബി ഡി ജെ എസ് പുറത്താക്കി. വ്യാജരേഖയുണ്ടാക്കി സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് നടപടിയെന്നു പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതെ സമയം പുറത്താക്കല്‍ നിയമപരമല്ലെന്നും സമാന്തര കമ്മിറ്റി വിളിക്കുമെന്നും സുഭാഷ് വാസു പ്രതികരിച്ചു.

പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി കൊണ്ടാണ് സുഭാഷ് വാസുവിനെതിരെ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ സംഘടനപരമായ പ്രതികാരം തീര്‍ത്തത്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചതിയനാണ് സുഭാഷ് വാസുവെന്നു തുഷാര്‍ വെള്ളാപ്പള്ളി തുറന്നടിച്ചു. പാര്‍ട്ടി നല്‍കിയ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സുഭാഷ് വാസു രാജിവെക്കണം. അല്ലാത്തപക്ഷം ബിജെപി നേതൃത്വത്തെ സമീപിക്കും. സുഭാഷ് വാസു തന്റെ കള്ള ഒപ്പിട്ട് ബാങ്കില്‍ നിന്നും 5 കോടി വായ്പനേടി. മാവേലിക്കര യൂണിയനിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോടികളുടെ ക്രമക്കേടാണ് നടത്തിയതെന്നും തുഷാര്‍ ആരോപിച്ചു

ടിപി സെന്‍കുമാര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന സാമ്പത്തിക ആരോപണങ്ങള്‍ ഡിജിപി ആയിരുന്ന കാലത്ത് അന്വേഷിക്കാഞ്ഞത് എന്തുകൊണ്ടാണെന്നും തുഷാര്‍ ചോദിച്ചു. അതേ സമയം വരുന്ന 27ന് സുഭാഷ് വാസു സമാന്തര ബി ഡി ജെ എസ് യോഗം വിളിച്ചിട്ടുണ്ട്.