LiveTV

Live

Kerala

പുത്തൻ കാറിൽ പുരോഹിതൻ കുത്തി വരച്ച സംഭവം: ഉടമയ്ക്ക് പുതിയ കാർ നൽകാമെന്ന് സഭ

നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡലിലുള്ള പുതിയ കാർ വാങ്ങി നൽകാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാർ വിട്ടുനൽകാമെന്നും പത്തനംതിട്ട മലങ്കര കത്തോലിക്ക സഭ ബിഷപ്പ് ഉറപ്പ് നൽകി.

പുത്തൻ കാറിൽ പുരോഹിതൻ കുത്തി വരച്ച സംഭവം: ഉടമയ്ക്ക് പുതിയ കാർ നൽകാമെന്ന് സഭ

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പുതിയ കാറിൽ കല്ലുകൊണ്ട് കുത്തി വരച്ച് നശിപ്പിച്ച് പുരോഹിതൻ. പത്തനംതിട്ട കത്തോലിക്ക മലങ്കര സഭയിലെ പുരോഹിതൻ ഫാ. മാത്യൂവാണ് പയ്യനാമണ്ണിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ കുത്തിവരച്ചത്. കാർ ഉടമ കോന്നി പോലീസിൽ പരാതി നൽകി..

കോന്നി ആനകല്ലുങ്കൽ ഷേർലി ജോഷ്വായുടെ പുത്തൻ കാറിലാണ് ഫാ. മാത്യൂ കുത്തി വരച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പയ്യനാമണ്ണിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഷേർലിയും കുടുംബവും. മകൻ ജോജോയുടെ വിവാഹ ആവശ്യത്തിനായിരുന്നു പുതിയ കാർ വാങ്ങിയത്.

പയ്യനാമണ്ണിൽ റാസയിൽ പങ്കെടുക്കാനെത്തിയ ഫാ. മാത്യുവും ഇവരുടെ ബന്ധുവീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്തു. റാസയ്ക്കു ശേഷം വാഹനം എടുക്കാൻ ബുദ്ധിമുട്ടിയതിൽ പ്രകോപിതനായാണ് പുരോഹിതൻ കാറിൽ കുത്തി വരച്ചതെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാറുടമ ഫാ.മാത്യുവിനെതിരെ കോന്നി പോലീസിൽ പരാതി നൽകി.

കാർ നശിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് മലങ്കര കത്തോലിക്ക സഭ കുടുംബത്തെ സമീപിച്ചു. നശിപ്പിക്കപ്പെട്ട കാറിന് പകരം അതേ മോഡലിലുള്ള പുതിയ കാർ വാങ്ങി നൽകാമെന്നും വിവാഹ ആവശ്യത്തിന് മറ്റൊരു കാർ വിട്ടുനൽകാമെന്നും പത്തനംതിട്ട മലങ്കര കത്തോലിക്ക സഭ ബിഷപ്പ് ഉറപ്പ് നൽകി.

നശിപ്പിക്കപ്പെട്ട കാർ സഭയ്ക്ക് നൽകും. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ദൃശ്യങ്ങൾ പിൻവലിക്കണമെന്നും കാറുടമയോട് സഭ ആവശ്യപ്പെട്ടു. പ്രശ്നം ഒത്തുതീർപ്പായതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് കുടുംബവും വ്യക്തമാക്കി.