LiveTV

Live

Kerala

കുസാറ്റ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ക്കെതിരെ വധശ്രമത്തിന് കേസ്‌ 

എസ് എഫ് ഐ നേതാകള്‍ക്കെതിരെ കളമശേരി പൊലീസ് വധശ്രമത്തിന് കേസെടുത്തു

കുസാറ്റ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ക്കെതിരെ വധശ്രമത്തിന് കേസ്‌ 

കുസാറ്റിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം മര്‍ദ്ദിച്ച സംഭവത്തില്‍ എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആക്രമണം നടത്തിയ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയേയും പ്രസിഡന്റിനേയും കോളേജില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കുസാറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചു.

കുസാറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നിലാണ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ വിദ്യാര്‍ഥികള്‍ സംഘടിച്ചത്. ഹോസ്റ്റലില്‍ നിലനിന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി നാസില്‍ അബൂബക്കര്‍ എന്ന നാലാം വര്‍ഷ വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം രാത്രി എസ് എഫ് ഐ നേതാക്കള്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം കമ്പിവടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചെന്നാണ് ആരോപണം.

എസ് എഫ് ഐ കുസാറ്റ് യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ പേരളം, സെക്രട്ടറി പ്രജിത് കെ ബാബു എന്നിവരെ കോളേജില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കുസാറ്റ് അഡ്മിനിസ്‌ട്രേറ്റ് ഓഫീസ് ഉപരോധിച്ചു. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന കുസാറ്റ് വിസിയുടെ ഉറപ്പിന്മേല്‍ വിദ്യാര്‍ഥികള്‍ ഉപരോധം അവസാനിപ്പിച്ചു. സര്‍വകലാശാല തല അച്ചടക്ക നടപടിക്കു പുറമേ സംഘടനാ തലത്തിലും നടപടി വേണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നുണ്ട്. എസ് എഫ് ഐ നേതാകള്‍ക്കെതിരെ കളമശേരി പൊലീസ് വധശ്രമത്തിന് കേസെടുത്തു.