LiveTV

Live

Kerala

കിണറുകളില്‍ പെട്രോളിന്റെ സാന്നിധ്യം; വീട്ടുകാര്‍ക്ക് വെള്ളം എത്തിച്ചു നല്‍കണമെന്ന് പെട്രോള്‍ പമ്പ് ഉടമയോട് പഞ്ചായത്ത്

14 ദിവസത്തിനുള്ളിൽ കാരണം കണ്ടെത്തി ബോധിപ്പിച്ചില്ലെങ്കിൽ സമീപത്തെ പെട്രോൾ പമ്പ് അടച്ചു പൂട്ടാൻ കലക്ടർ നിർദേശം നൽകി.

കിണറുകളില്‍ പെട്രോളിന്റെ സാന്നിധ്യം; വീട്ടുകാര്‍ക്ക് വെള്ളം എത്തിച്ചു നല്‍കണമെന്ന് പെട്രോള്‍ പമ്പ് ഉടമയോട് പഞ്ചായത്ത്

തൃശ്ശൂരിലെ പെരുമ്പിലാവില്‍, കോളനിയിലെ കിണറുകളില്‍ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. 14 ദിവസത്തിനുള്ളിൽ കാരണം കണ്ടെത്തി ബോധിപ്പിച്ചില്ലെങ്കിൽ സമീപത്തെ പെട്രോൾ പമ്പ് അടച്ചു പൂട്ടാൻ കലക്ടർ നിർദേശം നൽകി.

പരാതിക്കാർ, പഞ്ചായത്ത് അധികൃതർ, തഹസിൽദാർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രതിനിധികൾ എന്നിവരാണ് കളക്ടർ വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. സമീപത്തെ പെട്രോൾ പമ്പിലെ സംഭരണിയിൽ നിന്നുള്ള ചോർച്ചയാകാം, കിണറുകളിൽ പെട്രാളിന്റെ അംശം കണ്ടെത്തിയതിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചോർച്ച കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ പഴയ സംഭരണികളെല്ലാം ഉപേക്ഷിച്ച് പുതിയ സംഭരണികൾ പണിയുന്നതു വരെ പെട്രോൾ പമ്പ് അടച്ചു പൂട്ടുമെന്ന് കലക്ടർ പറഞ്ഞു.

എന്നാൽ സംഭരണിയിലെ ചോർച്ച കണ്ടെത്താനുള്ള എല്ലാ പരിശോധനകളും നടത്തി കഴിഞ്ഞെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. അവസാന പരിശോധനയായ എൻഡോസ്കോപ്പി ടെസ്റ്റും നടത്തിയിട്ടും എവിടെയും ചോർച്ച കണ്ടെത്തിയിട്ടില്ല. കലക്ടറുടെ നിർദേശ പ്രകാരം പരിശോധനകൾ ആവർത്തിക്കും. കുടിവെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്ന വീട്ടുകാർക്ക് വെള്ളം എത്തിച്ചു നൽകാൻ പെട്രോൾ പമ്പ് ഉടമയോട് പഞ്ചായത്ത് ആവശ്യപ്പെട്ടു.