LiveTV

Live

Kerala

പൗരത്വ നിയമത്തിൽ പ്രതിഷേധം: ഫ്രറ്റേണിറ്റിയുടെ  നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളം ഉപരോധിച്ചു

ഫ്രറ്റേണിറ്റി സംസ്ഥാന നേതാക്കളെയും ഏതാനും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പൗരത്വ നിയമത്തിൽ പ്രതിഷേധം: ഫ്രറ്റേണിറ്റിയുടെ  നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളം ഉപരോധിച്ചു

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചു. പ്രധാന കവാടത്തിനു മുന്നിൽ ആയിരക്കണക്കിന് പ്രവർത്തകർ ഏറെനേരം ഉപരോധം തുടർന്നതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി പ്രവര്‍ത്തകർ ദേശീയപാത ഉപരോധിക്കാൻ തീരുമാനിച്ചതോടെ അറസ്റ്റ് ചെയ്തവരെ പൊലീസ് വിട്ടയച്ചു.

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് പ്രവർത്തകർ, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലെ പ്രധാന റോഡിൽ ഉപരോധം തീർക്കുകയായിരുന്നു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഉപരോധ സമരം നീണ്ടതോടെ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം, ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കൽ, വൈസ് പ്രസിഡൻറ് നജ്ദ റെയ്ഹാന തുടങ്ങിയ നേതാക്കളെയും ഏതാനും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എന്നാൽ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രവർത്തകര്‍ കോഴിക്കോട് - പാലക്കാട് ദേശീയപാത ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ പ്രവർത്തകരെ വിട്ടയക്കുകയാണെന്ന് പൊലീസ് അറിയിച്ചു പ്രവർത്തകർ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിന് മുന്നിൽ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നിലകൊണ്ടു. പിന്നീട് നേതാക്കളെയും പ്രവർത്തകരെയും വിട്ടയച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.