LiveTV

Live

Kerala

എൻ.പി.ആറുമായി സഹകരിക്കരുത്; പൗരത്വ നിയമ ഭേദഗതിക്കെതിരെ വീടുകള്‍ കയറി പ്രചാരണം നടത്തുമെന്ന് സി.പി.എം 

എൻ.പി.ആറും എൻ.ആർ.സിയും തമ്മിലുള്ള ബന്ധം വിശദീകരിക്കും. എൻ.പി.ആറുമായി ജനങ്ങൾ സഹകരിക്കരുതെന്ന് ആവശ്യപ്പെടാനും സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.

എൻ.പി.ആറുമായി സഹകരിക്കരുത്; പൗരത്വ നിയമ ഭേദഗതിക്കെതിരെ വീടുകള്‍ കയറി പ്രചാരണം നടത്തുമെന്ന് സി.പി.എം 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനം. പൗരത്വ രജിസ്റ്ററിനെതിരെ വീട് വീടാന്തരം പ്രചരണം നടത്തും. എൻ.പി.ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകരുതെന്ന് സി.പി.എം ആഹ്വാനം ചെയ്തു.

ജനങ്ങളെ മതത്തിന്‍റെ പേരില്‍ വിഭജിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യമുടനീളം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് മൂന്ന് ദിവസം നീണ്ട് നിന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റെ തീരുമാനം. എന്‍പിആറും എന്‍ആര്‍സിയും തമ്മിലുള്ള ബന്ധം ജനങ്ങളോട് വിശദീകരിക്കാന്‍ വീടുകള്‍ കയറി പ്രചരണം നടത്താനാണ് സി.പി.എം തീരുമാനം. വിവര ശേഖരണത്തിന് വീട്ടിലെത്തുന്നവര്‍ സെന്‍സസിനെ സംബന്ധിച്ചും എന്‍പിആറിനെ സംബന്ധിച്ചും ചോദ്യങ്ങള്‍ ചോദിക്കും. ഇതില്‍ സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാത്രമേ മറുപടി പറയാവൂ എന്നാണ് സി.പി.എമ്മിന്‍റെ ആഹ്വാനം.

തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കണമെന്ന് കാട്ടി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം കേന്ദ്രം പിന്‍വലിക്കണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. മൗലികാവകാശങ്ങളുടെ ലംഘനമാണ് പൗരത്വ ഭേദഗതി നിയമമെന്ന് യെച്ചൂരി പറഞ്ഞു. ഹിന്ദു രാഷ്ട്രത്തിലേക്ക് കൊണ്ട് പോകാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണത്. ഇന്ത്യയുടെ നിലനിൽപ്പിന് ഭീഷണിയാണ് പൗരത്വ നിയമം. പ്രക്ഷോഭങ്ങളെ പൊലീസ് അടിച്ചമർത്തുന്നു. പൊലീസ് അക്രമം കൂടുതൽ നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരായ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ റിവ്യൂവിന്റെ സമയത്ത് സർക്കാരിന് ഇടപെടാന്‍ കഴിയുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.